കൊച്ചി: "എല്ലാ ദിവസവും ചെയ്യുന്ന ജോലി തന്നെയാണെങ്കിലും എല്ലാവരും അംഗീകരിച്ചു എന്നതാണ് സന്തോഷം. പതിനഞ്ച് വനിതകൾക്ക് ട്രെയിൻ ഓടിക്കാൻ അവസരം ലഭിച്ചെന്നതാണ് അഭിമാനം." വനിതാദിനത്തിൽ എറണാകുളം മുതൽ ഷൊർണൂർ വരെ വേണാട് എക്സ്‌പ്രസിന്റെ ലോക്കോ പൈലറ്റായി പ്രവർത്തിച്ച ടി.പി.ഗൊറോത്തി പറയുന്നു.
ഇതേ റൂട്ടിൽ മുമ്പും ട്രെയിൻ ഓടിച്ചിട്ടുണ്ട്. 22 വർഷമായി ട്രെയിൻ ഓടിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവം. വേണാട് ഏതാനും ദിവസം മുമ്പും ഓടിച്ചു. പ്രത്യേകം അവസരം ലഭിച്ചതിൽ സന്തോഷം. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി, അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരൊക്കെ അഭിന്ദിച്ചപ്പോൾ വലിയ അഭിമാനം തോന്നി.
ഡിവിഷൻ ഓഫീസിന്റെ ആസൂത്രണമാണ് ഇത്തരമൊരു യാത്ര യാഥാർത്ഥ്യമാക്കിയത്. വനിതകളെ ഏകോപിപ്പിച്ച് ഡ്യൂട്ടി ഒരുക്കി. ഗുഡ്സ് വിഭാഗങ്ങളിൽ നിന്നും വനിതകളെ സജ്ജരാക്കിയത് ഏരിയ മാനേജർ ഉൾപ്പെടെ താല്പര്യമെടുത്താണ്.
വേണാടിൽ ഷൊർണൂർക്ക് പോകുന്നവർക്ക് തിരികെ തിരുവനന്തപുരത്തേയ്ക്കുള്ള രാജ്യറാണി എക്സ്‌പ്രസിലാണ് ഡ്യൂട്ടി ലഭിക്കുക. ഷൊർണൂരിൽ നിന്ന് രാത്രി 10.30 രാജ്യറാണിയിൽ എറണാകുളം നോർത്ത് വരെ ഡ്യൂട്ടി ചെയ്ത് 12.50 നെത്തി. അസിസ്റ്റന്റ് പൈലറ്റ് വിദ്യാദാസ്, ഗാർഡ് ശ്രീജ എം എന്നിവർക്കും രാജ്യറാണിയിലായിരുന്നു ഡ്യൂട്ടി. മറ്റുള്ളവർ വേണാടിൽ തന്നെ എറണാകുളത്തേയ്ക്ക് മടങ്ങി.
സ്റ്റേഷനുകളിൽ സാധാരണ പോലെയാണ് യാത്രക്കാർ കണ്ടത്. ചില സ്ഥലങ്ങളിൽ വഴിയിൽ നിന്ന് നിരവധിപേർ കൈവീശിക്കാട്ടി. ചിലയിടത്ത് ടി.വി. ചാനൽ പ്രവർത്തകരെ കണ്ടും ആളുകൾ അഭിവാദ്യം ചെയ്തു.
വരാപ്പുഴ എടമ്പാടം സ്വദേശിനിയാണ് ഗൊറത്തി. ഭർത്താവ് പോൾ ടോമി. എയർഫോഴ്സിൽ നിന്ന് വിരമിച്ചശേഷം വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ ക്ളർക്കായി പ്രവർത്തിക്കുന്നു. ഇഷ, ഐറിൻ എന്നിവരാണ് മക്കൾ.
അസിസ്റ്റന്റ് ലോക്കോ പൈലറ്റായാണ് ജോലിയിൽ പ്രവേശിച്ചത്. പത്തു വർഷത്തോളം കഴിഞ്ഞാണ് പൈലറ്റിന്റെ ലൈസൻസ് ലഭിച്ചത്.