ചെലവ് 25 കോടി
വൈപ്പിൻ: വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള 25 കിലോമീറ്റർ റോഡ് ഏറെ വൈകാതെ സൂപ്പറാകും. സംസ്ഥാനത്ത് മോഡൽ റോഡുകളാക്കാൻ തീരുമാനിച്ച രണ്ട് റോഡുകളിലൊന്ന് വൈപ്പിൻകരയിലേതാണ്. മറ്റേത് സംസ്ഥാനത്തിന്റെ തെക്കേഅറ്റത്തുള്ള ബാലരാമപുരം - കളിയിക്കാവിളയാണ്.
25 കി.മീറ്റർ നീളവും ശരാശരി 3 കി.മീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ ഏക ഗതാഗതപാതയാണ് വൈപ്പിൻ - പള്ളിപ്പുറം റോഡ്. വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും ഉടനീളം കടകളും വീടുകളുമായതിനാൽ റോഡിന് വീതി കൂട്ടാൻ സ്ഥലമെടുക്കുക പ്രായോഗികമല്ല. അടുത്തകാലത്ത് റോഡിന് വീതി കൂട്ടാൻ ആകാശസർവേ നടത്തിയപ്പോൾ റോഡിന് വീതി കൂട്ടണമെങ്കിൽ 564 കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് കണ്ടെത്തി. ഇന്നത്തെ സ്ഥിതിയിൽ ഒരിക്കലും നടക്കാത്ത സ്വപ്നമാണത്. അതിനാൽ റോഡിനായി പുതിയ സ്ഥലമേറ്റെടുക്കാതെ ഉള്ള സ്ഥലത്ത് സൗകര്യങ്ങൾ ശാസ്ത്രീയമായി ഏർപ്പെടുത്താനാണ് നീക്കം.
പദ്ധതി ഇങ്ങനെ
# റോഡിലുടനീളം ഇരുവശവും ഹാൻഡ് റെയിൽ
# സീബ്രാലൈൻ
# ട്രാഫിക് സിഗ്നൽ
# നടപ്പാത തിരിക്കൽ
# സി.സി. ടി.വി കാമറ സ്ഥാപിക്കൽ
റോഡിലുടനീളം എവിടെയും തോന്നുംപടി റോഡ് മുറിച്ചുകടക്കാനാവില്ല. ഹാൻഡ് റെയിലുകൾ തമ്മിൽ ഗ്യാപ്പ് ഉള്ളിടത്ത് മാത്രമേ മുറിച്ചുകടക്കൽ നടക്കൂ. റോഡ് പുനർ നിർമ്മാണം പൂർത്തിയായാൽ പിന്നീട് മറ്റെന്തെങ്കിലും ആവശ്യത്തിനു വേണ്ടി റോഡ് കുത്തിപ്പൊളിക്കൽ അനുവദിക്കില്ല.
ചെറായി 110 കെ.വി. സബ് സ്റ്റേഷൻ മുതൽ മുനമ്പം വടക്കേഅറ്റംവരെ നാല് കോടി ചെലവാക്കി 110 കെ.വി. ലൈൻ വലിക്കുന്നത് റോഡിനടിയിലൂടെ കേബിൾ സ്ഥാപിച്ചായിരിക്കും. റോഡ് പുനർനിർമ്മാണം തുടങ്ങുന്നതിന് മുമ്പ് കേബിളിടൽ ജോലി പൂർത്തീകരിക്കും.
വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയുടെ പുനർ നിർമ്മാണത്തിനായി 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് എസ്. ശർമ്മ എം.എൽ.എ പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഈ സംസ്ഥാനപാതയിൽ ഇടക്കിടെയുണ്ടാകുന്ന റോഡപകടങ്ങൾക്ക് കാര്യമായ ശമനമുണ്ടാകുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.