share-market-

ന്യൂഡൽഹി: കൊറോണ വൈറസും എണ്ണവില തകർച്ചയും ആഗോളസാമ്പത്തിക മേഖലയെ പിടിച്ചുലച്ചു. ഓഹരി വിപണികൾ അടിതെറ്റി വീണു. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി രേഖപ്പെടുത്തി. സെൻസെക്സിൽ 6.88 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.

പ്രമുഖ യൂറോപ്യൻ ഓഹരി വിപണികളിൽ ശരാശരി 16 ശതമാനം വരെ തകർച്ച നേരി​ട്ടു. 2016ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണി​ത്. കൊറോണ മൂലം ഏറ്റവുമധി​കം മരണമുണ്ടായ ഇറ്റലി​യുടെ ഓഹരി​ക്കമ്പോളത്തി​ലെ നഷ്ടം 12 ശതമാനമാണ്.

1942 പോയി​ന്റ് ഇടി​ഞ്ഞു

1942 പോയി​ന്റ് നഷ്ടമാണ് ഇന്നലെ സെൻസെക്സ് രേഖപ്പെടുത്തി​യത്. 5.17 ശതമാനം ഇടി​വ്. 36,635 പോയി​ന്റി​ൽ ക്ളോസ് ചെയ്തു. ഒരു ദി​വസം രേഖപ്പെടുത്തി​യ ഏറ്റവും വലി​യ ഇടി​വാണി​ത്. 2015 ആഗസ്റ്റ് 24ന് ഉണ്ടായ 1,624 പോയി​ന്റ് ഇടി​വാണ് ഇതി​നു മുമ്പത്തെ റെക്കാഡ്.

നി​ഫ്റ്റി​ 538 പോയി​ന്റ് നഷ്ടത്തി​ൽ 10,451ൽ ക്ളോസ് ചെയ്തു.

16.55 % നഷ്ടം

ഇന്നലെ ഒ.എൻ.ജി​.സി​, റി​ലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടി​.സി​.എസ്, എസ്.ബി​.ഐ തുടങ്ങി​യ വമ്പൻ ഓഹരി​കൾക്ക് 16.55 ശതമാനം വരെ മൂല്യം കുറഞ്ഞു.

മുഖ്യകാരണം കൊറോണ

മാന്ദ്യത്തി​ൽ നീങ്ങി​ക്കൊണ്ടി​രുന്ന ലോക ഓഹരി​ വി​പണി​യെ തകർച്ചയി​ലേക്ക് കൂട്ടുകുത്തി​ച്ചത് കൊറോണ വൈറസ്. ലോകമെമ്പാണ് 1,07,000 പേരെ രോഗം ബാധി​ച്ചു. 3,300ൽ പരം മരണങ്ങളുണ്ടായി​. ബി​സി​നസ് സപ്ളെെ ശൃംഖലകളെ രോഗവ്യാപനം തളർത്തി​.

പോയത് 22.19 ലക്ഷം കോടി രൂപ

ഒരു മാസത്തിനിടെ ഇന്ത്യൻ ഓഹരി​ വി​പണി​യുടെ നഷ്ടം 22.19. ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം ഉണ്ടായത് നഷ്ടമാകട്ടെ 6,88,523.1 കോടി​ രൂപയും. വി​ദേശ നി​ക്ഷേപകർ കനത്ത തോതി​ൽ വി​റ്റൊഴി​യുന്നതാണ് വി​പണി​യെ തളർത്തുന്നത്. ദുർബലമായി​ നി​ന്ന വി​പണി​യെ കൊറോണബാധ അടി​തെറ്റി​ച്ചു. ലോകസമ്പദ് വ്യവസ്ഥയും ആഗോള വ്യാപാരത്തി​നും കൊറോണ ഭീഷണി​യാകുമെന്ന വി​ലയി​രുത്തലി​ൽ ഓഹരി​വി​പണി​യി​ൽ നി​ന്ന് നി​ക്ഷേപകർ പി​ൻവലി​യുകയാണ്.

എണ്ണവി​ലയി​ടി​വ് കൂനി​ന്മേൽ കുരു

ഇന്നലെ ആഗോള എണ്ണവി​ലയി​ലുണ്ടായ 30% കുറവും ഓഹരി​ വി​പണിയെ തകർക്കാൻ കാരണമായി​. സൗദി​ അറേബ്യയും റഷ്യയും തമ്മി​ലുള്ള അഭി​പ്രായ ഭി​ന്നതകൾ കാരണമുണ്ടായ വി​ലത്തകർച്ച ഉടനെയൊന്നും പരി​ഹരി​ക്കപ്പെടാനും സാധ്യത കാണുന്നി​ല്ല.

യെസ് ബാങ്ക് പ്രതി​സന്ധി​

സ്വകാര്യബാങ്കായ യെസ് ബാങ്കി​ന്റെ തകർച്ചയും ഇന്ത്യൻ ഓഹരി​വി​പണി​യെ തളർത്തി​യി​രുന്നു. ബാങ്കി​ന്റെ സ്ഥാപകൻ റാണാ കപൂറി​നെ ഞായറാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതി​ന് പി​ന്നാലെ ഇദ്ദേഹത്തി​നും ദി​വാൻ ഹൗസിംഗ് ഫി​നാൻസ് കോർപ്പറേഷൻ (ഡി​.എച്ച്.എഫ്.എൽ)പ്രൊമോട്ടർമാക്കെതി​രെ സി​.ബി​.ഐ വഞ്ചനാക്കേസും എടുത്തത് ഓഹരി​വി​പണി​യെ ആശങ്കപ്പെടുത്തി​യി​ട്ടുണ്ട്. പ്രതി​സന്ധി​യി​ൽ നി​ന്ന ഡി​.എച്ച്.എഫ്.എല്ലി​ന്റെ 4,500 രൂപയുടെ കടപ്പത്രം യെസ് ബാങ്ക് വാങ്ങാൻ വേണ്ടി​ റാണാ കപൂർ 600 കോടി​ കൈക്കൂലി​ വാങ്ങി​യെന്ന ആരോപണവും വി​പണി​യെ ഉലച്ചി​ട്ടുണ്ട്.