കൂത്താട്ടുകുളം: ഗ്രാമീണ റോഡുകൾക്ക് ഏഴ് കോടി രൂപയും നാലായിരത്തോളം വീടുകൾക്കായി ഓരോ വീടിനും ഒരു ഫലവൃക്ഷത്തൈ പദ്ധതിയും പ്രഖ്യാപിച്ചുകൊണ്ട് പാലക്കുഴ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 137785469 രൂപ വരവും 133766500 രൂപ ചെലവും പ്രതീക്ഷിക്കുന്ന 4018969 രൂപയുടെ മിച്ച ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ഷാജു അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശോഭന മോഹനൻ, എൻ കെ ഗോപി, സെക്രട്ടറി കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്തിലെ ജലസേചന സൗകര്യം ഇല്ലാത്ത മുങ്ങാംകുന്ന്, ഇല്ലിക്കുന്ന്, അച്ചിലാംകുന്ന്, കണ്ണാടികണ്ടം, ഉദയപ്പാറ, അമ്പലംകുന്ന് പ്രദേശങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പും എൻആർഇജിയുമായി സഹകരിച്ച് 1.5 കോടിയുടെ പദ്ധതിക്ക് ടെണ്ടർ നടപടികൾ ആരഭിച്ചതായും സംസ്ഥാനത്ത് ആദ്യമായി വില്ലേജ് ഡ്യുക്കേഷൻ രജിസ്റ്ററിന്റെ സർവേ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ഉടൻ നടത്തുമെന്നും പ്രസിഡന്റ് ജോഷി സ്കറിയ പറഞ്ഞു.
പഞ്ചായത്തിൽ ഗതാഗത സൗകര്യം ഇല്ലാത്ത പ്രദേശത്ത് പുതിയ റോഡുകൾ നിർമ്മിക്കുന്നതിനൊപ്പം നിലവിലെ മുഴുവൻ ഗ്രാമീണ റോഡുകളും നവീകരിച്ച് ഗതാഗത യോഗ്യമാക്കുകയാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് വിഹിതമായി രണ്ട് കോടിയും തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നാല് കൊടിയും എം.എൽ.എ, എംപി, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരുകോടി എന്നിവയാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ ഗ്രാമീണതയും ഹരിതാഭയും നിലനിർത്തുവാനും ബജറ്റിന്റെ ഗുണം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തിക്കുന്നതിനുമായി ഓരോ വീട്ടിലും ഒരു ഫലവൃക്ഷത്തൈ വിതരണം ചെയുവാനും ബജറ്റ് ലക്ഷ്യമിടുന്നു.
മാലിന്യ നിർമ്മാർജ്ജന പദ്ധതി 15.2 ലക്ഷം
ഭവന പദ്ധതികൾക്കായി 1.27 കോടി
ദാരിദ്ര്യ ലഘൂകരണ പദ്ധതി 3.75 കോടി
ശിശുക്ഷേമ പദ്ധതി 12 ലക്ഷം
മൃഗ സംരക്ഷണ പദ്ധതി 11.5 ലക്ഷം
ക്ഷീലോല്പാദക മേഖലയ്ക്ക് 8 ലക്ഷം
കാർഷിക മേഖലയ്ക്ക് 6.6 ലക്ഷം
ആരോഗ്യ മേഖലയ്ക്കായി 10 ലക്ഷം രൂപ
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് 24 ലക്ഷം