കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലെത്തുന്ന ട്രക്കുകൾ ഡ്രൈവ് ത്രൂ മാതൃകയിൽ എക്‌സ് റേ സ്കാനറിലൂടെ ഒാടിച്ച് കണ്ടെയ്‌നറുകൾ പരിശോധിക്കുന്നത് ഡ്രൈവർമാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്നാരോപിച്ച് യുണൈറ്റഡ് കണ്ടെയ്‌നർ ട്രക്ക് ഡ്രൈവേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനു പുറമേ കണ്ടെയ്നർ ടെർമിനൽ അധികൃതർ, ദുബായ് പോർട്ട്, റേഡിയേഷൻ സേഫ്ടി ഡയറക്ടർ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്.
വല്ലാർപാടം ടെർമിനലിൽ എത്തുന്ന ലോറികളിലെ ചരക്ക് സ്കാൻ ചെയ്യുമ്പോൾ ഡ്രൈവേഴ്സ് കാബിൻ ഉൾപ്പെടെയാണ് സ്കാൻ ചെയ്യുന്നത്. ഇതുമൂലം തുടർച്ചയായി എക്സ് റേ റേഡിയേഷൻ ഏൽക്കേണ്ടിവരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നെന്നാണ് ഹർജിക്കാരുടെ ആക്ഷേപം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കണ്ടെയ്നർ ടെർമിനൽ അധികൃതർ, ദുബായ് പോർട്ട്, റേഡിയേഷൻ സേഫ്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇൗ പരാതിയിലെ ആരോപണങ്ങൾ പരിശോധിച്ച് പരിഹാരമുണ്ടാക്കാൻ നിർദ്ദേശിക്കണെമന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കണ്ടെയ്നറുകൾ കൺവെയർ സ്കാനിംഗ് സംവിധാനത്തിലൂടെ പരിശോധിക്കാൻ നിർദ്ദേശിക്കണം, ഡ്രൈവർമാരെ സ്കാൻ ചെയ്യുന്നത് തടയണം എന്നിവയാണ് ഹർജിയിലെ മറ്റാവശ്യങ്ങൾ.