കൊച്ചി : മൂലമ്പിള്ളി - പിഴല പാലത്തിന്റെ നിർമ്മാണം പൂർത്തിയായെന്നും അപ്രോച്ച് റോഡിന്റെ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് ശേഷിക്കുന്നതെന്നും നിർമ്മാണച്ചുമതലയുള്ള കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഹൈക്കോടതിയിൽ അറിയിച്ചു. മൂലമ്പിള്ളി - പിഴല പാലത്തിന്റെ നിർമ്മാണം വൈകുന്നതു ചൂണ്ടിക്കാട്ടി കെ.സി.വൈ.എം പ്രസിഡന്റ് പി.ജെ. അശ്വിൻ നൽകിയ ഹർജിയിലാണ് കോർപ്പറേഷൻ ജനറൽ മാനേജർ പി.കെ. രമ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്.
അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതോടൊപ്പമുള്ള പിഴല കണക്ടിവിറ്റി പാലത്തിന്റെ നിർമ്മാണത്തിനൊപ്പം പൂർത്തിയാക്കാനേ കഴിയൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സഞ്ചരിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിൽ ദ്വീപ് നിവാസികൾ ഈ പാലത്തിലൂടെയാണ് പോകുന്നത്. ഇക്കാരണത്താൽ നിർമ്മാണം നിറുത്തി വെച്ചിരിക്കുന്നയാണ്.
ട്രാഫിക് തടഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാവുമെന്ന് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് എം.എൽ.എ, കളക്ടർ എന്നിവരുൾപ്പെടെയുള്ളവരുടെ യോഗം ജിഡ വിളിച്ചു ചേർത്തു. ദ്വീപ് നിവാസികളുടെ സഞ്ചാരത്തിനായി ബാർജ് ഏർപ്പെടുത്താൻ ഈ യോഗത്തിൽ തീരുമാനിച്ചു.
മാർച്ച് അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാം
ട്രാഫിക് ഒഴിവാക്കാൻ കഴിഞ്ഞാൽ മാർച്ച് അവസാനത്തോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. പിഴല പാലം ഉൾപ്പെടുന്ന മൂലമ്പിള്ളി - ചാത്തനാട് പദ്ധതിയുടെ ഭാഗമായ പാലത്തിനും അപ്രോച്ച് റോഡുകൾക്കുമായി 95.97 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.