# രണ്ടാം ആംബുലൻസ് വൈപ്പിന്
കൊച്ചി: കടലിൽ അപകടങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷകനായി ഇനി 'പ്രതീക്ഷ' കുതിച്ചെത്തും. കടൽ കലി കൊള്ളുന്ന കാലത്ത് കാവലായും പ്രതീക്ഷയുണ്ടാകും. കടലിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ ഫിഷറീസ് വകുപ്പ് നിർമ്മിച്ച മറൈൻ ആംബുലൻസ് ഇന്നലെ നീറ്റിലിറക്കി.
കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടറും സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീലു എൻ.എസ്. മറൈൻ ആംബുലൻസിന്റെ നീറ്റിലിറക്കൽ ചടങ്ങ് നിർവഹിച്ചു. മാർച്ച് 28 നു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസ് കമ്മിഷൻ ചെയ്യും.
പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ആദ്യ മറൈൻ ആംബുലൻസ് ഓഖി ഏറ്റവുമധികം നാശം വിതച്ച വിഴിഞ്ഞം ആസ്ഥാനമായാകും പ്രവർത്തിക്കുക. രണ്ടാമത്തെ ആംബുലൻസായ പ്രത്യാശ വൈപ്പിനും മൂന്നാമത്തേത് കാരുണ്യ ബേപ്പൂർ തുറമുഖത്തിനും ലഭിക്കും.
ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പൽശാലയാണ് മറൈൻ ആംബുലൻസ് നിർമ്മിച്ചത്. 6.08 കോടി രൂപയാണ് ഒരു ആംബുലൻസിന്റെ നിർമ്മാണച്ചെലവ്. ബി.പി.സി.എല്ലിന്റെയും കൊച്ചി കപ്പൽശാലയുടെയും സാമൂഹ്യ പ്രതിബന്ധതാ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽ നിന്നാണ് തുക കണ്ടെത്തിയത്.
സ്റ്റേറ്റ് ഫിഷറീസ് മാനേജ്‌മെന്റ്കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആശാ അഗസ്റ്റിൻ, ഡെപ്യൂട്ടി ഡയറക്ടർഎം. താജുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സന്ദീപ് പി., കൊച്ചി കപ്പൽശാല ഡയറക്ടർ സുരേഷ് ബാബു എൻ.വി., ജനറൽ മാനേജർമാരായ നീലകണ്ഠൻ, ശിവകുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ ശിവറാം എൻ., സീനിയർ മാനേജർ പ്രവീൺ ജേക്കബ്, സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. എം.വി ബൈജു ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം. വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
# മരുന്നുകൾ വാങ്ങാൻ നടപടി
മറൈൻ ആംബുലൻസിലേക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് വാങ്ങും. ആംബുലൻസിലേക്കുള്ള പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.