കൊച്ചി: പശ്ചിമകൊച്ചിയിലെ ചുള്ളിക്കൽ ഡിവിഷൻ സൗരോർജ്ജത്തിലേക്ക് നീങ്ങുന്നു. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത നഗരമായി വികസിപ്പിക്കാനായി കേന്ദ്രം തിരഞ്ഞെടുത്തിരിക്കുന്ന 60 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. ഈ പട്ടികയിൽ തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്. ഡിവിഷൻ കൗൺസിലറായ ആന്റണി ഫ്രാൻസിസ് താത്പര്യമെടുത്തതിനാലാണ് ചുള്ളിക്കലിന് പദ്ധതിയുടെ ഭാഗമാകാൻ അവസരം ലഭിച്ചത്. സോളാർ സിറ്റി പദ്ധതിയുടെ മാസ്റ്റർ പ്ളാൻ ഇന്നലെ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ പ്രകാശനം ചെയ്തു.

# വൈദ്യുതി ഉപഭോഗം കുറയ്ക്കും


അഞ്ചു വർഷം കൊണ്ട് വൈദ്യുത ഉപഭോഗത്തെ 10 ശതമാനമെങ്കിലും കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റ് ആൻഡ് ഡവലപ്പ്‌മെന്റ് (സി-ഹെഡ്) ആണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കിയത്. പദ്ധതിക്കായി 20 ലക്ഷം രൂപ കൊച്ചി കോർപ്പറേഷന് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് ആറു ലക്ഷം രൂപ സോളാർ സിറ്റി സെൽ ആയി കൗൺസിൽ ചുമതലപ്പെടുത്തിയിരിക്കുന്ന സി-ഹെഡിന്റെ പ്രവർത്തനത്തിന് അനുവദിച്ചു.

# ചുള്ളിക്കലിന്റെ സവിശേഷതകൾ

ഡിവിഷന്റെ വിസ്തൃതി രണ്ടു സ്ക്വയർ കിലോ മീറ്റർ
താമസക്കാരിൽ അധികവും സാധാരണക്കാർ

2000 ത്തോളം വീടുകളുണ്ട്
88% ആളുകളും വൈദ്യുത ഉപയോഗം കുറക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

42% വീടുകളിലും എൽ.ഇ.ഡി ബൾബുകളും സ്റ്റാർ റേറ്റിംഗ് ഉള്ള വൈദ്യുത ഉപകരണങ്ങളും ഉപയോഗിക്കുന്നു

5%വീടുകളിൽ സോളാർ ഉപകരണങ്ങൾ

സോളാർ പാനലുകൾ ഉപയോഗിക്കുന്നത് ഒരു ശതമാനം മാത്രം .

സൗരാേജത്തിലേക്ക് മാറുന്നതിന് 50% കുടുംബങ്ങൾ താത്പര്യം കാണിച്ചു.

#പണച്ചെലവ് ഭയന്ന്

സൗരോർജത്തിലേക്ക് മാറാൻ താത്പര്യമുണ്ടെങ്കിലും ആരംഭത്തിൽ കനത്ത തുക അടയ്ക്കേണ്ടി വരുമെന്ന ഭയമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. കൂടുതൽ ബോധവത്ക്കരണത്തിലൂടെ ഇത്തരത്തിലുള്ള ആളുകളെ കൂടി പദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം

# കാർബൺ ബഹിർഗമനം കുറയ്ക്കും

സോളാർ പാനൽ ഘടിപ്പിക്കുന്നതിനായി 0.2 സ്‌ക്വയർ കി.മീറ്റർ വിസ്തൃതിയോളം ലഭ്യമാണ്.
പ്രതിവർഷം 32 - 34 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.

ഇതുവഴി ഏകദേശം 1 കോടി 4.5ലക്ഷം കി.ഗ്രാം കാർബൺ ബഹിർഗമനം കുറയ്ക്കാം.

നാലു ലക്ഷം മരങ്ങൾ വലിച്ചെടുക്കുന്ന കാർബൺ ഡയോക്‌സൈഡിന് തുല്യമാണ് ഇത്.

ഡിവിഷനിലെ വൈദ്യുത ഉപയോഗം പൂർണമായും സൗരോർജത്തിലേക്ക് മാറിയാൽ
പ്രതിവർഷം 62,40,000 യൂണിറ്റ് വൈദ്യുതി
ഉത്പാദിപ്പിക്കാം. അതിലൂടെ 20 ലക്ഷം കിലോ ഗ്രാം കാർബൺ ബഹിർഗമനം കുറയ്ക്കാം
ഇത് 80,000 മരങ്ങൾ വലിച്ചെടുക്കുന്ന കാർബൺ ഡയോക്‌സൈഡിന് തുല്യമാണ്.