കോലഞ്ചേരി: ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോഴും രാതി സഞ്ചരിക്കുമ്പോഴും കൂട്ടിനാരുമില്ലെന്നോർത്ത് സ്ത്രീകൾക്ക് ഭയക്കേണ്ട. കേരള പൊലീസ് അതിനായി 'രക്ഷ' മൊബൈൽ ആപ്പ് രംഗത്തെത്തിച്ചു. പൊലീസിനെ വിരൽ തുമ്പിൽ സഹായം തേടാനായി വികസിപ്പിച്ചെടുത്തതാണ് രക്ഷ. പൊലീസ് വിവരങ്ങൾക്കും അടിയന്തര സഹായത്തിനുമായാണ് ആപ്പിന്റെ പ്രവർത്തനം. സ്റ്റേഷൻ എസ്.എച്ച്.ഒമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ രക്ഷയിൽ ലഭ്യമാണ്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, റജിസ്‌ട്രേഷൻ നമ്പർ മുതലായവ കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ട്. അപകട സാഹചര്യങ്ങളിൽ നമ്പർ ഡയൽ ചെയ്യാതെ പാനിക് ബട്ടൺ അമർത്തുന്നതു വഴി അടിയന്തര സന്ദേശം പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും. ഇതു കൂടാതെ തൊട്ടടുത്ത പാെലീസ് സ്റ്റേഷനിലേയ്ക്കുള്ള വഴി, ട്രാഫിക്, കുറ്റ കൃത്യങ്ങൾക്കുള്ള വകുപ്പ്,പിഴ, ട്രാഫിക് ടിപ്പുകൾ തുടങ്ങിയവയും ആപ്പിൽ ലഭ്യമാണ്.
ഇന്ത്യൻ പൊലീസ് അറ്റ് യുവർ കോൾ
അത്യാവശ്യ സാഹചര്യങ്ങളിൽ പൊലീസിന്റെ സഹായം ആവശ്യമായി തോന്നിയാൽ പൊലീസ് സ്റ്റേഷൻ വേഗത്തിൽ കണ്ടെത്തുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള വഴി ഉൾപ്പെടെ ആപ്പിൽ ലഭ്യമാണ്. പൊലീസ് സ്റ്റേഷനിലെയും കൺട്രോൾ റൂമിലെ മൊബൈൽ നമ്പറുകളും വേഗത്തിലെടുക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും
കെയർലൈഫ്
ശബ്ദം മാത്രമുപയോഗിച്ച് അപായ സൂചന നൽകാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷനാണു കെയർലൈഫ്. 2 തവണ 'ഹെൽപ്' എന്നു പറഞ്ഞാൽ പ്രവർത്തനമാരംഭിക്കും. ഇന്റർനെറ്റ് സഹായമില്ലാതെയും ആപ്ലിക്കേഷൻ പ്രവർത്തിക്കും. ഇന്റർനെറ്റില്ലാത്ത അവസ്ഥയിൽ പോലും നിങ്ങൾക്കു പ്രിയപ്പെട്ടവർ എവിടെയാണ് ഇപ്പോഴുള്ളത് എന്നു കണ്ടെത്താനും ഇതു സഹായിക്കും. മുൻ കൂർ സ്റ്റോർ ചെയ്ത ആംബുലൻസ്, പൊലീസ്, ഫയർ സ്റ്റേഷൻ നമ്പറുകളിലേയ്ക്ക് ഫോണെടുത്ത് കോൾ ചെയ്യാതെ ശബ്ദ സന്ദേശം കൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയും.