കൊച്ചി: മൂന്നു വയസുകാരന് കൊറോണ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിൽ അതീവജാഗ്രത. ആശങ്കപ്പെടാനില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ നിർദ്ദേശിച്ചു. നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെ പ്രധാന മേഖലകളിൽ പരിശോധനയും നിരീക്ഷണവും കർക്കശമാക്കി. എറണാകുളം മെഡിക്കൽ കോളേജിൽ ഉന്നതതലയോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു.
ഇറ്റലിയിൽ നിന്ന് ദുബായ് വഴി വന്ന മൂന്നു വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശങ്ങളിൽ നിന്ന് വരുന്ന മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. രോഗം പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ എത്തി ആഭ്യന്തര വിമാനങ്ങളിൽ വരുന്നവരെയും പരിശോധിക്കുന്നുണ്ട്. അന്താരാഷ്ട്ര ടെർമിനലിൽ 12 ഡോക്ടർമാരെയും ആഭ്യന്തര ടെർമിനലിൽ അഞ്ചു ഡോക്ടർമാരെയും നിയോഗിച്ചു. പ്രാഥമികപരിശോധനയിൽ സംശയം തോന്നുന്നവരെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേയ്ക്ക് മാറ്റും. റെയിൽവെ സ്റ്റേഷനുകളിലും പരിശോധനാ സൗകര്യം ഒരുക്കും.
എറണാകുളം മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. 13 പേർ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.
ചുമ, പനി, ജലദോഷം, ശ്വാസതടസം എന്നീ രോഗങ്ങളുള്ളവർ പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 28 ദിവസം മാർഗനിർദ്ദേശങ്ങൾ പാലിയ്ക്കണം. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർ ശരീരസ്രവ പരിശോധനയ്ക്ക് വിധേയരാകണം. ജനങ്ങൾ കൂടുതലെത്തുന്ന ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശിച്ചു.