kallan
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ നശിപ്പിച്ച നിലയിൽ

കിഴക്കമ്പലം: കുമ്മനോട് ഗവ.യു.പി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.സ്കൂൾ ബസ് ഭാഗികമായി നശിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികളുടെ കളിപ്പാട്ടങ്ങൾ പൊട്ടിച്ചു. ലൈബ്രറിയടക്കം മൂന്നു റൂമുകൾ കുത്തി തുറന്ന് പുസ്തകങ്ങൾ നശിപ്പിച്ചു. വെള്ളിയാഴ്ച സ്കൂൾ പൂട്ടി പോയ ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് സ്കൂളിൽ അക്രമം നടന്നതായി കാണ്ടത്. സ്കൂളിന് കിഴക്കമ്പലം ട്വന്റി 20 വാങ്ങി നൽകിയ സ്കൂൾ ബസാണ് നശിപ്പിക്കാനായി ശ്രമം നടത്തിയത്. ഡോറുകൾ പൂട്ടി സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബസിന്റെ ലോക്ക് തകർത്ത് അകത്തു കയറി ബസിലുണ്ടായിരുന്ന സ്റ്റീരിയോ അഴിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബസിനുള്ളിൽ ഘടിപ്പിച്ചിരുന്ന സ്പീക്കർ അഴിച്ചെടുത്തു. ബ്രേക്ക് ഫ്ളൂയിഡ് പൈപ്പ് പൊട്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സ്കൂളിലെ ലൈബ്രറിയിൽ കടന്ന സംഘം പുസ്തകങ്ങൾ വ്യാപകമായി നശിപ്പിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന കുരുന്നുകളുടെ കളിപ്പാട്ടങ്ങൾ പൊട്ടിച്ച് കളഞ്ഞു. ഇത് ഒരു ബാഗിലാക്കി പ്രധാന ഓഫീസിൽ കൊണ്ടു വയ്ക്കാനും സംഘം മറന്നില്ല. സ്കൂളിലെ പൂട്ടിയിട്ട മൂന്നു മുറിയുടെ വാതിലുകൾ താഴ് തകർക്കാതെ തുറന്നതായാണ് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം തുടങ്ങിയതായി സി.ഐ വി.ടി ഷാജൻ പറഞ്ഞു.