ന്യൂഡൽഹി: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വടംവലി അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ 31% ഇടിവുണ്ടാക്കി. 30 വർഷത്തിനിടെ ക്രൂഡോയിലിന് ഉണ്ടായ ഏറ്റവും കുറഞ്ഞ വിലയാണിത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാഷ്ട്രമായ സൗദി അറേബ്യയും രണ്ടാമത്തെ രാജ്യമായ റഷ്യയും തമ്മിൽ എണ്ണ ഉല്പാദന അളവ് നിശ്ചയിക്കുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നതയാണ് പ്രശ്നമായത്. പിന്നാലെ വില കുറയ്ക്കാനും ഏപ്രിൽ മുതൽ ഉല്പാദനം കൂട്ടാനും സൗദി അറേബ്യ പ്രഖ്യാപിക്കുകയായിരുന്നു. ലോകത്തെ നിർണായകമായ രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിടുന്നതാണ് എണ്ണ വിപണിയിലെ സംഭവവികാസങ്ങൾ.
1991ലെ ഗൾഫ് യുദ്ധകാലത്താണ് ക്രൂഡോയിലിന് ഇത്രയും വിലത്തകർച്ചയുണ്ടായത്. ബാരലിന് 31.02 ഡോളറാണ് ഇന്നലെ ബ്രന്റ് ക്രൂഡോയിൽ വില. ഇത് ഒരു മാസത്തിനിടെ 20 ഡോളറായി കുറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അങ്ങിനെ സംഭവിച്ചാൽ പെട്രോഡോളർ സമ്പന്നതയിൽ അഭിരമിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.
പെട്രോളിയം ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കും റഷ്യയും തമ്മിൽ 2016 മുതൽ ഉണ്ടായിരുന്നു ധാരണ ഇതോടെ ഇല്ലാതായി. ആ സഖ്യവും അവസാനിച്ചു. വിലയും ഉല്പാദനവും നിയന്ത്രിച്ച് ഇവരാണ് ആഗോള എണ്ണ വില നിശ്ചയിച്ചിരുന്നത്. റഷ്യൻ എണ്ണക്കമ്പനികൾക്ക് ഇനി അവർക്കിഷ്ടമുള്ള പോലെ എണ്ണവ്യാപാരം നടത്താമെന്ന് റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്.
എണ്ണ ഉല്പാദനം കുറയ്ക്കണമെന്ന് ഒപ്പെക്ക് നിർദേശം റഷ്യ അംഗീകരിക്കാതിരുന്നതാണ് ഭിന്നതയ്ക്ക് കാരണം. പിന്നാലെ ഏപ്രിൽ മുതൽ ദിവസം പത്ത് ദശലക്ഷം ബാരലിന് മുകളിൽ എണ്ണ ഉല്പാദിപ്പിക്കുമെന്ന് സൗദിയും പ്രഖ്യാപിച്ചു.
പുതിയ സംഭവവികാസങ്ങൾ അമേരിക്ക ഉൾപ്പടെയുള്ള എണ്ണ ഉല്പാദക രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. സമാനമായ ഭിന്നതകൾ ഉടലെടുത്തതിനെ തുടർന്നാണ് സൗദി അറേബ്യയും റഷ്യയും 2016ൽ ധാരണയുണ്ടാക്കിയത്.
ഇന്ത്യയ്ക്ക് ഗുണമാകും
എണ്ണവില തകർച്ച ഒരർത്ഥത്തിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. സാമ്പത്തിക മാന്ദ്യത്തിൽ മുടന്തിയ ഇന്ത്യയെ സാമ്പത്തികമായി കരകയറ്റാൻ വിലയിടിവ് സഹായിക്കും. ഇന്ത്യയുടെ ഇറക്കുമതി ചെലവിന്റെ നല്ലൊരു പങ്ക് പെട്രോളിയം ഉല്പന്നങ്ങൾക്ക് വേണ്ടിയാണ്. ഇപ്പോഴത്തെ വിലയിടിവ് മോദി സർക്കാരിന് ചെയ്യുന്ന സഹായം ചെറുതല്ല. സാമ്പത്തിക മാന്ദ്യത്തിൽ മുടന്തുന്ന സമ്പദ് വ്യവസ്ഥയെ എണ്ണവിലയിടിവ് താങ്ങി നിറുത്തും. ആ ലാഭം കമ്മി കുറയ്ക്കാനും പുതിയ ക്ഷേമപദ്ധതികൾക്ക് വേണ്ടിയും കേന്ദ്രസർക്കാരിന് ഉപയോഗിക്കാം. 11,200 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതിയാണ് ഇന്ത്യ ഈ വർഷം നടത്താനിരുന്നത്. ക്രൂഡോയിൽ വില ബാരലിന് ശരാശരി 30 ഡോളറിൽ തുടർന്നാൽ പകുതിയോളം തുക ഇന്ത്യയ്ക്ക് ലാഭിക്കാനാകും.
ഓയിൽ വിപണന കമ്പനികൾ, പെയിന്റ്, പ്ളാസ്റ്റിക്ക് നിർമ്മാതാക്കൾ തുടങ്ങി നിരവധി മേഖലകൾക്ക് എണ്ണവിലയിടിവ് നേട്ടങ്ങൾ നൽകും. ഇന്നലെ ഓഹരി വിപണി തകർന്നടിഞ്ഞപ്പോഴും ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ ഇന്ത്യൻ പെട്രോളിയം ഭീമന്മാർക്കൊന്നും കാര്യമായ ക്ഷതമേൽക്കാത്തതിന് കാരണവും ഇതുതന്നെയാണ്.