കൊച്ചി: ജില്ലയിൽ കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം വിലയിരുത്തി.. രോഗബാധ രൂക്ഷമായ വിദേശ രാജ്യങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ മാത്രമാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. വിദേശരാജ്യങ്ങൾ സന്ദർശിക്കാത്ത രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം. രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ച കളക്ടർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞു.
പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുയിടങ്ങളിൽ നിന്നും മാറിനിൽക്കണം.
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുമായി എത്തുന്നവർ മാത്രം ശരീരസ്രവ പരിശോധനയ്ക്ക് വിധേയരായാൽ മതി.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 28 ദിവസം വരെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.
ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന മതപരമായ ചടങ്ങുകളിൽ നിന്നും സ്വകാര്യ ചടങ്ങുകളിൽ നിന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മാറിനിൽക്കണം.
# സ്വകാര്യ ആശുപത്രികളിലും ജാഗ്രത വേണം
സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ശരീരസ്രവങ്ങൾ ശേഖരിക്കാനും പരിശോധനാ ഫലം എത്തിക്കുവാനും സൗകര്യങ്ങൾ ആരോഗ്യവകുപ്പ് നൽകും.
നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില ദിവസവും ആരോഗ്യവകുപ്പിനെ അറിയിക്കണം. മുഖാവരണങ്ങൾ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾക്കും അനുബന്ധ സാധനങ്ങൾക്കും അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനാവശ്യമായ ആശുപത്രി സന്ദർശനം ജനങ്ങൾ ഒഴിവാക്കണം.രോഗലക്ഷണങ്ങൾ ഉള്ളവർ മാളുകൾ, തിയേറ്ററുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
# മെഡിക്കൽ കോളേജിൽ 13 പേർ
രോഗബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. മെഡിക്കൽ കോളേജിൽ 13 പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.
മെഡിക്കൽ കോളേജിൽ ചേർന്ന അടിയന്തര യോഗത്തിൽ ഹൈബി ഈഡൻ എം.പി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ഐസൊലേഷൻ വാർഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ എം.കെ. കുട്ടപ്പൻ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, റെയിൽവേ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
# സാമൂഹ്യമാദ്ധ്യമങ്ങളിൽ ദുഷ്പ്രചരണം
കൊറോണ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ ദുഷ്പ്രചരണവും. അമൃത ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കൊറോണ ബാധിച്ചെന്ന പ്രചരണമാണ് ചിലർ നടത്തിയത്. ആശുപത്രിയിലെ ഒരു ജീവനക്കാരി പറഞ്ഞെന്ന പേരിലായിരുന്നു പ്രചരണം. പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പരത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.