 പൊലീസ് കേസെടുത്തു

കൊച്ചി : കൊറോണ വന്നാലും കുട്ടികളെ തട്ടിക്കൊണ്ടുപോയാലും എട്ടിന്റെ പണി കിട്ടുന്നത് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിക്കാണ്. സംഭവങ്ങൾക്ക് പിന്നാലെ ലാൽജിയുടെ പേരിൽ കെട്ടിച്ചമച്ച വ്യാജ സന്ദേശം വാട്ട്സ് അപ്പിൽ വൈറലാകും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം നാട്ടിലെങ്ങും വ്യാപകമാണെന്നും ഇവർ വീടുകളിൽ സ്റ്റിക്കർ പതിക്കുന്നെന്നും പറയുന്ന വ്യാജ സന്ദേശമാണ് ലാൽജിയുടെ പേരിൽ ആദ്യമിറങ്ങിയത്. ഇപ്പോൾ കൊറോണ പടർന്നു പിടിക്കുമെന്ന തരത്തിലാണ് വ്യാജ സന്ദേശം ലാൽജിയുടെ പേരിൽ വാട്ട്സ് അപ്പിലൂടെ പറക്കുന്നത്. എന്തായാലും ഇതിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 അതു ഞാനല്ല, എന്റെ ശബ്ദവുമല്ല

രണ്ടു വ്യാജ സന്ദേശങ്ങളുടെയും തലക്കെട്ട് എറണാകുളം അസി. കമ്മിഷണർ ലാൽ പറയുന്നത് കേൾക്കൂ എന്നാണ്. സമൂഹ മാദ്ധ്യമങ്ങൾ വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. ഒൗദ്യോഗിക കാര്യങ്ങൾ പ്രചരിപ്പിക്കാൻ പൊലീസിന് പ്രത്യേക സംവിധാനമുണ്ട്. അസി. കമ്മിഷണർ പദവിയിലിരിക്കുന്ന എന്റെ പേരു ദുരുപയോഗം ചെയ്ത് ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ആൾമാറാട്ടമാണ്. ക്രിമിനൽ കുറ്റമാണ്. ഇതിനെതിരെ കേസ് കൊടുത്തത്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ജനങ്ങളെ ബോധവത്കരിക്കാൻ കൂടിയാണ്.

 ആദ്യ പരാതിക്ക് എന്തു സംഭവിച്ചു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സ്റ്റിക്കർ പതിക്കുന്നുവെന്ന വ്യാജ സന്ദേശമാണ് എന്റെ പേരിൽ ആദ്യം പ്രചരിച്ചത്. ഇതിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നു. വാട്ട്സ് അപ്പിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുള്ള കാലതാമസമാണ് പ്രധാന പ്രശ്നം. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നതു മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റമാണെന്ന് അറിയണം. ഒൗദ്യോഗിക പദവിയിലിരിക്കുന്ന എന്റെ പേരിലുള്ള ഇത്തരം വ്യാജ സന്ദേശങ്ങളെ നിസാരമായി കാണാൻ കഴിയില്ല. പ്രത്യേകിച്ച് സമൂഹം അമ്പരന്നു നിൽക്കുന്ന ഒരു സമയത്ത്.

 പണിയാണോ എന്നു സംശയമുണ്ട്

എറണാകുളം അസി. കമ്മിഷണർ എന്ന പദവിയിലിരിക്കുന്നതു കൊണ്ടാവാം എന്റെ പേരിൽ മാത്രം വ്യാജ സന്ദേശം ഇറങ്ങുന്നത്. എനിക്കിട്ടു തരുന്ന പണിയാണോ എന്നും സംശയമുണ്ട്. എന്റെ പേര് ലാൽജി എന്നാണെങ്കിലും വ്യാജ സന്ദേശങ്ങളിൽ ലാൽ എന്നാണ് പറയുന്നത്. എന്തായാലും പരാതി നൽകി കേസ് എടുത്തിട്ടുണ്ട്. അധികം വൈകാതെ തന്നെ കുറ്റവാളികൾ പിടിയിലാകും.