കൊച്ചി: കടവന്ത്ര സെന്റ് ജോസഫ് യു.പി സ്കൂളിലെ കുട്ടിക്കൂട്ടം നാളെ ആകാശയാത്ര നടത്തും. ഏറെ നാളായി സ്വപ്നംകാണുന്ന വിമാനയാത്ര യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും അദ്ധ്യാപകരും. 115 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിന്ന് 60 പേരാണ് നാളെ പറക്കുന്നത്. ശേഷിക്കുന്ന കുട്ടികളുമായുള്ള രണ്ടാംഘട്ട യാത്ര ജൂണിൽ നടത്തുമെന്ന് ഹെഡ്മാസ്റ്റർ റാൽഫി എൻ.ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 8.10ന് കൊച്ചിയിൽ നിന്നും കണ്ണൂരിലേക്ക് എയർ ഇൻഡിഗോ വിമാനത്തിലാണ് യാത്ര. തുടർന്ന് കണ്ണൂരിൽ പറശിനിക്കടവ് സ്‌നേക്ക് പാർക്ക്, സെന്റ് ഏയ്ൻജിലോ ഫോർട്ട്, അറക്കൽ മ്യൂസിയം, പൈയ്യാമ്പലം ബീച്ച് എന്നിവ സന്ദർശിച്ച ശേഷം വൈകീട്ട് ട്രെയിൻ മാർഗം കൊച്ചിയിലേക്ക് തിരിക്കും. വിമാനയാത്രയും ചെലവുകളും ഉൾപ്പെടെ ഒരു കുട്ടിക്ക് 4000 രൂപയാണ് വേണ്ടിവരുന്നത്. ഇതിനായി വിവിധ ഏജൻസികളും വ്യക്തികളും സാമ്പത്തിക സഹായം നൽകിയെന്ന് റാൽഫി പറഞ്ഞു. റോട്ടറി ക്ലബ് 180000 രൂപയും ജില്ലാ ഭരണകൂടം നടപ്പിലാക്കിവരുന്ന റോഷ്‌നി പദ്ധതി വഴി 76000 രൂപയും വിമാനയാത്രക്കായി സ്കൂളിന് അനുവദിച്ചു. വിമാനയാത്രയ്ക്കുള്ള ആദ്യ ഗഡുവായ 30000 രൂപ സ്കൂൾ അദ്ധ്യാപിക ജൂബി ഫൈസലിൽ നിന്ന് സ്വീകരിച്ച് ടി .ജെ .വിനോദ് എം.എൽ.എ സ്കൂളിന് കൈമാറി. വിമാന യാത്രയ്ക്കുള്ള തുക കണ്ടെത്തുന്നതിനായി പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ വീടുകൾക്കാവശ്യമായ ക്ലീനിംഗ് ലിക്ക്വിഡ് വിതരണം നടത്തി. കിറ്റുകളുടെ ആദ്യ വില്പന കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു.കൊറോണ വൈറസ് ബാധയെ തുടർന്ന് യാത്ര മാറ്റുന്നതിനെ കുറിച്ച് ഒരുഘട്ടത്തിൽ ആലോചിച്ചുവെങ്കിലും ജില്ലാ ആരോഗ്യവകുപ്പ് അനുമതി നൽകിയതോടെ തടസങ്ങൾ നീങ്ങി. ഡെയ്‌സി ജോൺ, ആൻസി ജോർജ്, അജേഷ് പി.കെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.