കൊച്ചി: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ മൂക്ക് മറയ്ക്കുന്ന മാസ്കിനും സാനിട്ടൈസറും കിട്ടാനില്ല. ചില മെഡിക്കൽ ഷോപ്പുകൾ ഇരട്ടിയിലേറെ വിലയ്ക്കും വിറ്റഴിച്ചു. പൂഴ്‌ത്തിവയ്ക്കുകയും കൊള്ളവില ഈടാക്കുകയും ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
രോഗാണുക്കൾ പകരുന്നത് തടയാൻ സർജിക്കൽ മാസ്ക് ധരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മെഡിക്കൽ കോളേജിൽ മൂന്നു വയസുകാരന് കൊറോണ സ്ഥിരീകരിച്ചത്. വിവരം പുറത്തായതോടെ മാസ്കുകൾ വാങ്ങാൻ മെഡിക്കൽ ഷോപ്പുകളിൽ തിക്കും തിരക്കുമായി. കൊച്ചി നഗരത്തിലും മറ്റു പട്ടണങ്ങളിലും മുഴുവൻ വിറ്റുതീർന്നു. രാവിലെ 11 ഓടെ മാസ്കുകൾ കിട്ടാനില്ലാത്ത അവസ്ഥയായി.
അഞ്ഞൂറ് മാസ്കുകൾ ഒരു മണിക്കൂർ കൊണ്ട് വിറ്റുതീർന്നതായി നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പുടമ പറഞ്ഞു. അഞ്ചു രൂപ വിലയുള്ള മാസ്കുകൾക്ക് മൂന്നും നാലും ഇരട്ടി ഈടാക്കിയെന്നും ജനങ്ങൾ പറഞ്ഞു. പൂഴത്തി വയ്ക്കുകയോ അമിതവില ഈടാക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
മാസ്ക് വ്യാപകം
രോഗഭീതി പരന്നതോടെ മാസ്കുകൾ ധരിക്കുന്നത് വർദ്ധിച്ചു. കൊച്ചി മെട്രോ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജീവനക്കാർക്ക് മാസ്ക് നൽകി. മെട്രോ യാത്രക്കാരിലും മാസ്ക് ധരിച്ചവരായിരുന്നു കൂടുതലും. മാസ്ക് ലഭിക്കാത്തവർ ടൗവൽ കൊണ്ടും മൂക്കു മറച്ചാണ് സഞ്ചരിച്ചത്.