കൊച്ചി : മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു നടത്താനുള്ള പ്രമേയം തയ്യാറാക്കി ഒരാഴ്ചയ്ക്കകം കോടതിയെ അറിയിക്കാൻ സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. പ്രമേയം പാസാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സഹകരണ തിരഞ്ഞെടുപ്പു കമ്മിഷണർക്ക് സമർപ്പിക്കാൻ ജനുവരിയിൽ കോടതി നിർദ്ദേശിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് മലപ്പുറം ജില്ലയിലെ ചില സർവീസ് സഹകരണ ബാങ്കുകൾ ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജനുവരിയിലെ ഉത്തരവ് പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
2017 മുതൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നിലവിലുള്ളത്. രണ്ടു വർഷത്തിലധികം അഡ്മിനിസ്ട്രേറ്റർ ഭരണം തുടരുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പു നടപടികൾ തുടരാൻ ഹൈക്കോടതി ജനുവരിയിൽ നിർദ്ദേശിച്ചത്. അതേസമയം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് സഹകരണ രജിസ്ട്രാർക്ക് അധികാരം നൽകുന്ന ഒാർഡിനൻസ് പ്രകാരമുള്ള തുടർ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.