കൊച്ചി: 'രോഗ ബാധിതനാണെന്ന് സംശയം തോന്നിയ ആളെ രാജ്യം വിട്ടു പോവുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയനാക്കാനാണ് ഞാൻ ശ്രമിച്ചത്. ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ കടമ കൂടിയാണത്. എന്നാൽ, പരിശോധനയ്ക്ക് കൂട്ടാക്കാതെ അയാൾ നാടുവിട്ടു പോയി. ആരോഗ്യ ജാഗ്രതയുടെ പേരിൽ ഞാൻ എടുത്ത മുൻകരുതലുകൾ സ്വാർത്ഥ താത്പര്യമുള്ളവർ വളച്ചൊടിച്ചു. ഇപ്പോൾ ഞാൻ ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുകയാണ്. കൊറോണ വൈറസ് രോഗം സംശയിച്ച ആളെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു പിന്നാലെ ജോലി നഷ്ടപ്പെട്ട ഡോ. ഷിനു ശ്യാമളൻ 'ഫ്ലാഷി'നോട് സംസാരിക്കുന്നു:
തീയതികളിൽ സംശയം
കടുത്ത പനിയുമായി കഴിഞ്ഞ ദിവസം ഒരാൾ കാണാനെത്തി. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാൾക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. ഖത്തറിൽ നിന്നാണ് എത്തിയതെന്ന് അറിഞ്ഞപ്പോൾ എന്നാണ് നാട്ടിലെത്തിയതെന്ന് ചോദിച്ചു. എന്നാൽ, ഇയാളും ഭാര്യയും രണ്ട് തീയതികൾ പറഞ്ഞതോടെ സംശയം തോന്നി. ഇതോടെ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചു. വിവരങ്ങൾ ചോദിച്ചെങ്കിലും പേരും വീട്ടുപേരും മാത്രമാണ് അവർ വെളിപ്പെടുത്തിയത്. മൊബൈൽ നമ്പറും നൽകാൻ തയാറായില്ല. ഫെബ്രുവരിയിൽ വിവാഹം കഴിഞ്ഞ ഇയാൾ ആഗ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ചതായും ഡോക്ടറോട് പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ വന്നതോടെയാണ് ആരോഗ്യവകുപ്പിലും പൊലീസിലും വിവരമറിയിച്ചത്. ഇതിന് പിന്നാലെ കൊറോണ വൈറസ് രോഗം സംശയിച്ച ആളെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. എന്നാൽ, അയാളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നുംതന്നെ ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. അതും എന്റെ ജോലിയുടെ എത്തിക്സിന്റെ ഭാഗമായിട്ടായിരുന്നു.
പറഞ്ഞു വിട്ടതായി അറിയിപ്പ്
ജോലിയുടെ ഭാഗമായാണ് ഞാൻ ജാഗ്രത പുലർത്തിയത്. കാരണം രോഗി ആദ്യമായി അസുഖം ബാധിച്ച് സർക്കാർ ആശുപത്രിയിലാണ് കാണിച്ചത്. എന്നിട്ടും അദ്ദേഹത്തിന്റെ പനി ശമിച്ചിരുന്നില്ല. അതിനാൽ, രോഗ ബാധിതനാണോയെന്ന സംശയം തോന്നുകയായിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ വന്ന വാഹനത്തിന്റെ നമ്പർ എടുത്തിരുന്നു ഇത് അറിഞ്ഞ ക്ലിനിക് ഉടമ താക്കീത് ചെയ്തു. കൊറോണ വൈറസുള്ള രോഗി വന്നുവെന്നറിഞ്ഞാൽ മറ്റുള്ളവർ എത്തില്ലെന്നായിരുന്നു അയാളുടെ ഭീതി. അത് തുറന്നു പറയുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാവിലെയാണ് വാട്ട്സ്ആപ്പിലൂടെ സന്ദേശം ലഭിക്കുന്നത്. ഞാൻ പ്രശസ്തിക്കു വേണ്ടിയാണ് ചെയ്യുന്നതെന്നും അതുകൊണ്ടു നാളെ മുതൽ ജോലിക്ക് വരേണ്ടതില്ലെന്നുമായിരുന്നു സന്ദേശം.
അതാണ് വലിയ നിരാശ
സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തിരുന്നതാണ്. എന്നാൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അലംഭാവമാണ് കാണിച്ചത്. ഇതേ തുടർന്നാണ് ഇയാളുടെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് പരിശോധിച്ച് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സഹകരിക്കാത്തതു മൂലമാണ് ഇയാൾ ഖത്തറിലേയ്ക്ക് മടങ്ങിയത്. ഇയാൾ അവിടെ നിരീക്ഷണത്തിലാണെന്നാണ് അനൗദ്യോഗികമായി അറിയാൻ കഴിഞ്ഞത്. തനിക്ക് ജോലി നഷ്ടപ്പെട്ടതിനെക്കാൾ നിരാശ യാതൊരു പരിശോധനകൾക്കും വിധേയനാവാതെ ഇയാൾ നാടുവിട്ടതിനാലാണ്.