വേഗത്തട സ്ഥാപിച്ചിട്ട് 6 മാസം
23 കോടി ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്
വേഗത്തട പൊളിച്ചുകളഞ്ഞാണെന്ന് സംശയം
കോലഞ്ചേരി: കടയിരുപ്പ് നാലു വഴികൾ കൂടുന്ന ജംഗ്ഷനിൽ അപകടം കാത്തിരിക്കുന്നു. ഇവിടെ അപകടം പതിവായി മൂന്നു പേർ മരിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് അപകടം തടയാൻ റെഡി മെയ്ഡ് വേഗത്തട സ്ഥാപിച്ചത്. ഇതോടെ അപകടങ്ങൾ പാടെ അവസാനിച്ചിരുന്നു. പിന്നീട് ചെറിയ ഒരപകടം പോലും നടന്നിട്ടില്ല. പൊളിച്ചു കളഞ്ഞതാണെന്ന സംശയവുമുണ്ട്. രാത്രി കാലങ്ങളിൽ പൊലീസിന്റെ കണ്ണു വെട്ടിച്ച് അനധികൃതമായി നടക്കുന്ന മണ്ണെടുപ്പുകാരിൽ നിന്നും മണ്ണെടുത്ത് ടോറസുകൾ പായുന്ന വഴിയാണിത്. ഇവിടെയെത്തുമ്പോൾ വാഹനം പരമാവധി സ്പീഡ് കുറയ്ക്കാതെ വേഗത്തട കടന്നു പോകൽ നടക്കില്ല. ഇത് രാത്രികാല അനധികൃത കടത്തിന് ബുദ്ധിമുട്ടായതോടെ ടോറസുകൾ ഉപയോഗിച്ച് വേഗത്തട നശിപ്പിച്ചതാണെന്ന സംശയവും ഉയരുന്നുണ്ട്.
കല്ലിടാം കുഴി മുതൽ തട്ടാംമുഗൾ,മഴുവന്നൂർ,കാണിനാട് പീച്ചിങ്ങച്ചിറ വഴി കരുമുഗളെത്തി എറണാകുളത്തേയ്ക്കുള്ള എളുപ്പ വഴിയാണിത്. തേക്കടി കൊച്ചി സംസ്ഥാന പാത അറ്റ കുറ്റ പണി പൂർത്തിയാക്കാതായതോടെ എറണാകുളം കാക്കനാട് ഭാഗങ്ങളിലേയ്ക്കുള്ള മുഴുവൻ ഭാര വാഹനങ്ങളടക്കം ഈ വഴിയെയാണ് ആശ്രയിക്കുന്നത്.
വേഗത്തട സ്ഥാപിച്ചത് അപകടം ഒഴിവാക്കാൻ
ഇന്നസെന്റ് എം.പി യുടെ ഫണ്ട് ഉപയോഗിച്ച് 23 കോടി ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് ആധുനിക നിലവാരത്തിൽ പൂർത്തിയായതോടെ വാഹനങ്ങൾ ചീറി പാഞ്ഞാണ് പോക്ക്. ഈ റോഡ്,കടയിരുപ്പിലാണ് കോലഞ്ചേരി പെരുമ്പാവൂർ റോഡിനെ ക്രോസ് ചെയ്യുന്നത് .ഇവിടെ പ്രധാന വഴി ഏതെന്നറിയാതെ ചീറിയടുക്കുന്ന വാഹനങ്ങളുടെ കൂട്ടയിടി കൂടിയതോടെയാണ് വേഗത്തട സ്ഥാപിച്ചത്. വേഗത്തട പൊളിഞ്ഞതോടെ വഴിയുടെ ഘടന അറിയാതെ എത്തുന്ന വാഹനങ്ങൾ അപകടകരമാം വിധമാണ് നിലവിൽ റോഡ് ക്രോസ് ചെയ്യുന്നത്. അപകടങ്ങൾ തുടർക്കഥയായതോടെ എന്ന 'കേരള കൗമുദി' നൽകിയ വാർത്തയെ തുടർന്നാണ് സ്വകാര്യ പങ്കാളിത്തത്തിൽ സിന്തൈറ്റ് കമ്പനിയുടെ ഇടപെടലോടെ വേഗത്തട സ്ഥാപിച്ചത്.
പുനർനിർമ്മിക്കുന്നതിൽ ആശങ്കയുണ്ട്
വേഗത്തട സ്ഥാപിക്കാൻ രണ്ടു പ്രാവശ്യമായി 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ചിട്ടുണ്ട്. വേഗത്തട പൊളിഞ്ഞതോടെ ഇനി വീണ്ടും സ്വകാര്യ പങ്കാളിത്തത്തോടെ പുനർനിർമ്മിക്കാൻ പറ്റുമെന്ന കാര്യം സംശയമാണ്. അപകടം പതിവായതോടെയാണ് ജീവ കാരുണ്യ മേഖലകളിൽ വിവിധ നല്ല പ്രവൃത്തികൾ ചെയ്യുന്ന സിന്തൈറ്റിനെ സമീപിച്ചത്.
ജോർജ് ഇടപ്പരത്തി,ജില്ലാ പഞ്ചായത്തംഗം