വൈപ്പിൻ: പുതിയതായി സ്ഥാപിക്കുന്ന ഞാറക്കൽ 110 കെ.വി സബ് സ്റ്റേഷനും ചെറായി-ഞാറക്കൽ 110 കെ.വി ലൈൻ സ്ഥാപിക്കലും ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അതിന്റെ തുടർച്ചയായി പുതിയ കണക്ഷനുകൾ നടപടിക്രമങ്ങൾ ലഘൂകരിച്ച് പെട്ടെന്ന് നൽകും. പുതിയ 110 കെ.വി. ലൈൻ വലിക്കുന്നതിന്റെയും പുതിയ 110 കെ.വി. സബ് സ്റ്റേഷന്റെയും നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാലിപ്പുറം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്മിഷൻ ഡയറക്ടർ എൻ. വേണുഗോപാൽ സ്വാഗതം പറഞ്ഞു. ചീഫ് എൻജിനിയർ ആർ. സുകു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ. ആന്റണി, കെ.കെ. ജോഷി, ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.ആർ. രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ഉണ്ണിക്കൃഷ്ണൻ, കെ.യു. ജീവൻമിത്ര, ജില്ലാ പഞ്ചായത്തംഗം റോസ് മേരി ലോറൻസ്, ബി.വി. പുഷ്‌ക്കരൻ, ഇ.സി. ശിവദാസ്, ജോണി ഞാറക്കൽ, അഡ്വ. വി.പി. സാബു, ഫൈസൽ മുളവുകാട് എന്നിവർ പ്രസംഗിച്ചു.