കൊച്ചി : സംസ്ഥാനത്ത് ഭൂരഹിതരെ ഉപയോഗിച്ച് ഭൂമാഫിയ സർക്കാർ ഭൂമി തട്ടിയെടുക്കുന്നതിനെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട് ജില്ലയിലെ രണ്ടു ഭൂ രഹിതർക്ക് പട്ടയം നൽകിയ ഭൂമി കൈമാറ്റവവിലക്കിന്റെ കാലാവധി കഴിയുന്ന മുറയ്ക്ക് വില്പന നടത്താൻ കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി. ഇത്തരം ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് വിധിപ്പകർപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
കേസ് ഇങ്ങനെ
കാസർകോട് ജില്ലയിലെ രണ്ടു ഭൂരഹിതർക്കായി യഥാക്രമം 40 സെന്റ് ഭൂമിയും 37 സെന്റ് ഭൂമിയും പതിച്ചു നൽകിയിരുന്നു. മൂന്നു വർഷത്തേക്ക് ഭൂമി വിൽക്കരുതെന്നായിരുന്നു പട്ടയ വ്യവസ്ഥ. ഇൗ കാലാവധി കഴിയുന്ന മുറയ്ക്ക് ഭൂമി വിൽക്കാനായി ഇവർ മറ്റൊരാളുമായി കരാർ ഉണ്ടാക്കി രജിസ്റ്റർ ചെയ്തു. ഇതു പൊതു നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാസർകോട് അഡി. ജില്ല കോടതി കരാർ റദ്ദാക്കി. ഇതു ചോദ്യം ചെയ്ത് ഭൂമി പതിച്ചു നൽകിയവരിലൊരാളായ ടി.എം. ഷാഫി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹൈക്കോടതി പറഞ്ഞത്:
പട്ടയ ഭൂമി ഏഴു വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നായിരുന്നു പഴയ വ്യവസ്ഥ. ഇതു ഭേദഗതി ചെയ്ത് മൂന്നു വർഷമെന്നാക്കിയത് സർക്കാർ ഭൂമി തട്ടിയെടുക്കാൻ ഭൂമാഫിയകൾക്ക് സഹായകമായി. ഭൂ രഹിതരെ സഹായിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ കർശന വ്യവസ്ഥകൾ ഉണ്ടാക്കണം. കൈമാറ്റ വിലക്ക് മൂന്നു വർഷമായി കുറച്ചത് സ്വേച്ഛാപരവും ഭൂ മാഫിയയെ സഹായിക്കുന്നനടപടിയുമാണ്. . രണ്ടു കേസുകളും സമാന സ്വഭാവത്തിലുള്ളതാണെന്നതിൽ നിന്ന് ഇത്തരം തട്ടിപ്പ് വൻതോതിൽ നടക്കുന്നുവെന്ന് അനുമാനിക്കാം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മൂന്നു വർഷത്തേക്ക് പട്ടയ ഭൂമി വിൽക്കുന്നതിന് വിലക്കുണ്ടായിട്ടും വില്പന കരാർ ഉണ്ടാക്കിയതിനെ സർക്കാരോ കക്ഷികളോ ചോദ്യം ചെയ്യുന്നില്ല. ഭൂരഹിതരുടെ താല്പര്യം സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള സർക്കാർ ഇതു തടയാൻ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നില്ല.