പറവൂർ : ഏറെ പ്രതീക്ഷയോടെ പറവൂർ നഗരസഭ നടപ്പാക്കിയ വഴിയോരക്കച്ചവടക്കാർക്കുള്ള മുസിരിസ് ബസാറിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്താത്തിനാൽ കച്ചവടക്കാർ നിരാശയിൽ. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനോട് അടുക്കുമ്പോൾ ഇവിടത്തെ കച്ചവടക്കാരുടെ പ്രതീക്ഷകൾ മങ്ങുകയാണ്.
സ്വകാര്യ ബസ് സ്റ്റാൻഡിനു തൊട്ടുപിൻഭാഗത്ത് ബസാർ നിർമ്മിച്ചപ്പോൾ ഇവിടെ എത്തുന്നവരുടെ കച്ചവടം കിട്ടുമെന്നായിരുന്നു വിലയിരുത്തൽ. ഇരുപത്തിനാല് സ്റ്റാളുകളിൽ പതിനാലെണ്ണമാണ് തുറന്നത്. പച്ചക്കറി, പൂക്കട, തുണിത്തരങ്ങൾ, കളിപ്പാട്ടം, പഴങ്ങൾ തുടങ്ങിയ സ്റ്റാളുകളാണ് ആദ്യഘട്ടത്തിൽ തുറന്ന് പ്രവർത്തിച്ചത്. ബാക്കിയുള്ള സ്റ്റാളുകൾ അടുത്തുതന്നെ തുറക്കാനിക്കെയാണ് ഈ സ്ഥിതി തുടരുന്നത്.
ഒരു സ്റ്റാളിൽ അഞ്ഞൂറ് രൂപയിൽ താഴെയാണ് കച്ചവടമെന്ന് കടക്കാർ പറയുന്നു. ഇതിനാൽ പലരും കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ബസാർ നിർമ്മിച്ചത്. നഗരദാരിദ്ര്യനിർമാർജന പദ്ധതിയായ ദേശീയ നഗരഉപജീവന ദൗത്യപദ്ധതി 38 ലക്ഷം രൂപ മുടക്കിയാണ് ബസാർ നിർമ്മിച്ചത്. നഗരത്തിലെ മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവലവരെ ഉണ്ടായിരുന്ന നൂറോളം വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചാണ് പുനരധിവാസ പദ്ധതി തുടങ്ങിയത്.