കൊച്ചി : ഒാട്ടിസം ബാധിച്ചവർക്കു വേണ്ടിയുള്ള സ്പെക്ട്രം പദ്ധതിയുടെ ഭാഗമായി മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഒാട്ടിസം സെന്ററുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നിലവിലെ ഒാട്ടിസം സെന്ററുകൾ കുട്ടികളെ പീഡിപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതു നിയന്ത്രിക്കാനായി നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശിനി സീമ ലാൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
സംസ്ഥാനത്ത് ഒാട്ടിസം സെന്ററുകൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ഹർജി പരിഗണിക്കവെ സർക്കാർ വിശദീകരിച്ചിരുന്നു. ഇൗ തീരുമാനം നടപ്പാക്കാനും ഇതിനായി അനുവദിക്കുന്ന ഫണ്ട് പദ്ധതിക്കു മാത്രമായി ചെലവാക്കാനും സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഹർജി പരിഗണിച്ച ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. സ്പെക്ട്രം പദ്ധതിയുടെ ഭാഗമായി 3.55 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.