കോലഞ്ചേരി: പട്ടിമറ്റത്തിനടുത്ത് ചേലക്കുളം കാവുങ്ങൽ പറമ്പിൽ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി പതിനൊന്നു വയസുകാരനെ അന്യസംസ്ഥാന തൊഴിലാളി തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ 6 നാണ് സംഭവം. വീട്ടിൽ നിന്നും രാവിലെ മത പഠനത്തിനു പോകാനായി തയ്യാറുകുന്നതിനിടെ അപ്രതീക്ഷിതമായാണ് അക്രമിയെത്തിയത്. പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. മാതാവ് അടുക്കളയിലായിരുന്നു. റോഡിനടുത്തുതുള്ള വീട്ടിലെ കിടപ്പുമുറിയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. റോഡിൽ നിന്ന് മരത്തിന്റെ വടിയുമായി പാഞ്ഞെത്തിയ ഇയാൾ കിടപ്പുമുറിയിൽ ഓടിക്കയറി കുട്ടിയുടെ തലയ്ക്കകടിച്ച് ശേഷം പുറത്തേക്ക് ഓടി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ അറിയിച്ചതനുസരിച്ച് നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി കുന്നത്തുനാട് പൊലീസിനു കൈമാറി .കുട്ടിയെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ന്യൂറോ സർജറി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രതിയെ പൊലീസ് കാവലിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. ഇന്നലെ രാവിലെ മുതൽ റോഡിലിറങ്ങിയ ഇായൾ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞും സമീപത്തെ മറ്റൊരു വീട്ടിൽ കയറിയും പ്രകോപനത്തിന് ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കാലിയ എന്ന പേരാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പ്രതിയിൽ നിന്നും മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.