പെരുമ്പാവൂർ: സംസ്ഥാനത്ത് കൊറോണയ്‌ക്കെതിരെ അതീവജാഗ്രതാ നിർദ്ദേശം ലഭിച്ചിരിക്കെ പെരുമ്പാവൂർ മേഖലയിലെ മെഡിക്കൽ സ്റ്റോറുകളിൽ മാസ്‌ക്കിന് ആറിരട്ടി വില. നിലവിൽ അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്ക് ലഭിക്കണമെങ്കിൽ 30 രൂപ നൽകണം. ഇതോടെ പലരും മാസ്‌ക്കുകൾ വാങ്ങുന്നതിൽ നിന്നും പിൻമാറുകയാണ്. തങ്ങൾക്ക് ലഭിക്കുന്ന വിലയ്ക്കാണ് ഇപ്പോൾ മാസ്‌ക്കുകൾ ലഭിക്കുന്നതെന്നാണ് മെഡിക്കൽ സ്റ്റോൾ ഉടമകൾ പറയുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി ഉൾപ്പെടെയുളളവർ ഇക്കാര്യത്തിൽ പൂഴ്ത്തി വെയ്പ്പ് പാടില്ലെന്ന് ആവർത്തിക്കുമ്പോഴും പെരുമ്പാവൂരിലെ മെഡിക്കൽ സ്റ്റോർ ഉടമകൾ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല. അതിനിടെ, ജില്ലാ കളക്ടറിൽ നിന്നോ സർക്കാരിൽ നിന്നോ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും പൂഴ്ത്തി വയ്ക്കുന്നതോ അമിതവില കൂട്ടി വിൽക്കുന്നതോ ആയ മാസ്‌ക്കുകൾ പിടിച്ചെടുക്കാനുളള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പെരുമ്പാവൂർ നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ സുലേഖ ഗോപാലകൃഷ്ണൻ അറിയിച്ചു. തങ്ങൾക്ക് പോലും മാസ്‌ക്കുകൾ ചോദിച്ചിട്ട് ലഭിക്കുന്നില്ലെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നടപടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു. എന്നാൽ മുൻകരുതലുകളുടെ ഭാഗമായി പലരും മെഡിക്കൽ സ്റ്റോറുകളിൽ എത്തി മാസ്‌ക്കുകൾ ആവശ്യപ്പെടുമ്പോൾ 30 രൂപയാണ് വിലയെന്നറിയിച്ച് നൽകുന്നുണ്ട്. മൊബൈൽ ഫോണിന്റെ കോളർട്യൂണുകൾ വരെ കൊറോണയ്‌ക്കെതിരെയുള്ള മുൻകരുതലാക്കിയ ഭരണകർത്താക്കൾ ഇത് സംബന്ധിച്ച് താഴെ തട്ടിൽ നടപടിയെടുക്കാത്തത് ആശങ്കകളുണർത്തുകയാണ്.