കൊച്ചി: ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിൽ കല്ലുകടി. പരീക്ഷകൾ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്യാൻ പോലുമാവാതെചീഫ് സൂപ്രണ്ടുമാരും അദ്ധ്യാപകരും കുഴങ്ങി. ഒരു വർഷം മുമ്പ് ഏർപ്പെടുത്തിയ ഐ എക്‌സാംസ് എന്ന സോഫ്ട് വെയർ പണിമുടക്കിയതാണ് പ്രശ്നമായത്.
പരീക്ഷ തുടങ്ങി രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് പരീക്ഷയെഴുതുന്നവരുടെ വിവരങ്ങൾ നൽകാനുള്ള ലിങ്ക് ലഭ്യമായത്. വിവരങ്ങൾ നൽകിയെങ്കിലും ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്യുന്നതിനുള്ള സ്ലിപ്പുകൾ, പായ്ക്കിനു മുകളിൽ പതിക്കാനുള്ള ലേബലുകൾ, ഉത്തരക്കടലാസിനൊപ്പം അയക്കാനുള്ള മാർക്ക് ലിസ്റ്റുകൾ എന്നിവ ലഭ്യമായില്ല. ഉത്തരക്കടലാസുകൾ എവിടേക്ക് അയക്കണമെന്നറിയാതെകൊറോണ ജാഗ്രതയുള്ള സ്‌കൂളുകളിലടക്കം പരീക്ഷ തീർന്നിട്ടും മണിക്കൂറുകളാണ് അദ്ധ്യാപകർക്ക് കാത്തിരിക്കേണ്ടി വന്നത്. വിദ്യാർത്ഥികളുടെ സീറ്റിംഗ് ക്രമീകരണം പരീക്ഷയുടെ തലേന്ന് വളരെ വൈകിയാണ് സോഫ്ട്‌വെയർ വഴി ലഭ്യമായത്. സെർവർ തകരാറാണ് പരീക്ഷാ ജോലികളെ തകിടം മറിച്ചത്. എന്നാൽ ഇതേ സോഫ്ട് വെയർ ഉപയോഗിച്ച് എസ്.എസ്.എൽ.സി പരീക്ഷാ ജോലികൾ മുടക്കം കൂടാതെ നടന്നു.
ഹയർ സെക്കൻഡറി പരീക്ഷകൾ തകർക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പുമന്ത്രി നേരിട്ട് ഇടപെട്ട് ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഹയർ സെക്കൻ‌ഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.രാജീവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ.എം.ജോർജ് എന്നിവർ ആവശ്യപ്പെട്ടു.