കൊച്ചി : കടവൂർ ജയൻ വധക്കേസിലെ ഒമ്പതു പ്രതികളുടെയും ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാൻ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകിയ ഡിവിഷൻബെഞ്ച് പ്രതികളോട് മാർച്ച് 18 ന് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനും നിർദ്ദേശിച്ചു.
ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ തൃക്കടവൂർ വലിയങ്കോട്ടുവീട്ടിൽ വിനോദ് (42), ലാലിവിളവീട്ടിൽ ദിനരാജ് (31), അഭിനിവാസിൽ രഞ്ജിത്ത് (31), തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്തുവിള തെക്കേതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി എന്ന അരുൺ (34), കടവൂർ വൈക്കം താഴതിൽ പ്രിയരാജ് (39), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവരെയാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എന്നാൽ കോടതിയുടെ നടപടിക്രമങ്ങളിൽ ലംഘനമുണ്ടെന്നും കുറ്റം ചുമത്തിയതും ശിക്ഷ വിധിച്ചതും നീതീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിന്റെ രേഖകളും തെളിവുകളും വീണ്ടും പരിശോധിക്കണം. പബ്ളിക് പ്രോസിക്യൂട്ടറെയും പ്രതിഭാഗത്തെയും കേട്ട് കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിധി പറയണമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
2012 ഫെബ്രുവരി ഏഴിനാണ് പ്രതികൾ തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷെന്ന ജയനെ (35) കടവൂർ ക്ഷേത്രത്തിനു സമീപം നടുറോഡിലിട്ട് വെട്ടിക്കൊന്നത്. ആർ.എസ്.എസിൽ നിന്ന് ജയൻ തെറ്റിപ്പിരിഞ്ഞു പോയതിലുള്ള വൈരാഗ്യത്താൽ പ്രതികൾ ഇയാളെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾ വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരെ അപ്പീൽ നൽകിയിരുന്നു. ഇതാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. നേരത്തെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി പ്രതികളുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി ഇവർക്ക് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് വാദംകേട്ട് ശിക്ഷ റദ്ദാക്കിയത്. പ്രതികൾ മാർച്ച് 18 ന് സെഷൻസ് കോടതിയിൽ ഹാജരായി ജാമ്യമെടുക്കുന്നതുവരെ ഹൈക്കോടതി അനുവദിച്ച ഇടക്കാലജാമ്യം നിലനിൽക്കുമെന്നും വിധിയിൽ പറയുന്നു.