ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന കിരീടം ആഗോള എണ്ണവിപണിയിലെ വിലത്തകർച്ച മൂലം റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് നഷ്ടമായി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിലത്തകർച്ചയാണ് പ്രശ്നമായത്.
ബ്ളൂംബർഗ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം അംബാനിയുടെ സ്ഥാനം ചൈനീസ് കോടിശ്വരൻ ജാക്ക് മാ സ്വന്തമാക്കി. മുകേഷ് അംബാനി രണ്ടാമനുമായി. ലോകത്തെ പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ ഉടമയാണ് ജാക്ക് മാ.
എണ്ണവില തകർച്ചയും കൊറോണ വൈറസ് ബാധയും മൂലം മുകേഷ് അംബാനിയുടെ സ്വത്തിൽ 580 കോടി ഡോളറിന്റെ മൂല്യതകർച്ചയാണുണ്ടാക്കിയത്.അംബാനിയുടെ മൊത്തം സ്വത്തം ഇപ്പോൾ 41800 കോടി ഡോളറാണ്. ജാക്ക് മായുടേത് 44500 കോടി ഡോളറും.ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ ജാക്ക് മാ 18-ാം സ്ഥാനത്തും മുകേഷ് അംബാനി 19-ാം സ്ഥാനത്തുമാണ്.
ആരാണ് ഈ ജാക്ക് മാ
ചൈനയുടെ ബിസിനസ് രംഗത്തെ നക്ഷത്രം. ആലിബാബയുടെ സ്ഥാപകനും മുൻ എക്സിക്യൂട്ടീവ് ചെയർമാനും. സ്റ്റാർട്ടപ്പ് ബിസിനസുകളുടെ അമരക്കാരൻ. 2018ൽ ബിസിനസ് വിട്ട് സാമൂഹ്യക്ഷേമപ്രവർത്തനത്തിലും രാഷ്ട്രീയത്തിലുമെത്തി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നൻ. ജാക്ക് മാ ഫൗണ്ടേഷന്റെ സ്ഥാപകനാണ്. കൊറോണ വൈറസ് നിയന്ത്രണത്തിനായി 140 ലക്ഷം ഡോളർ ഫൗണ്ടേഷൻ സംഭാവന ചെയ്തു. ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 50 പേരിൽ ഒരാളെന്ന് ഫോർച്യൂൺ മാസിക പറയുന്നു.
റിലയൻസിനെ വെട്ടി ടി.സി.എസ്
പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് തിങ്കളാഴ്ച റിലയൻസ് ഓഹരികൾക്കുണ്ടായത്. ഒറ്റ ദിവസം കൊണ്ട് 156.90 കോടി രൂപ ഇടിഞ്ഞ് 1,094.95 രൂപയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ക്ളോസ് ചെയ്തത്.ഇന്ത്യയിലെ ഏറ്റവും മൂലധന മൂല്യമുള്ള കമ്പനിയെന്ന സ്ഥാനവും ഇതോടെ റിലയൻസിന് നഷ്ടമായി. ഒന്നാം സ്ഥാനത്തെത്തിയത് ടാറ്റ കൺസൾട്ടൻസി സർവീസും. തിങ്കളാഴ്ച റിലയൻസ് ഓഹരി മൂല്യം 7.05 ലക്ഷം കോടിയാണ്. ടി.സി.എസിന് 7.40 ലക്ഷം കോടിയും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 42 ശതമാനം ഓഹരിയും മുകേഷ് അംബാനിയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ഓയിൽ സംസ്കരണശാല റിലയൻസിന്റേതാണ്.