corona

കൊച്ചി: കൊറോണ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന മൂന്നു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ 17 പേരും വീടുകളിൽ 347 പേരും നിരീക്ഷണത്തിലാണ്. കുട്ടിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 99 പേരും ഇവരിലുൾപ്പെടും.

കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിൽ ഇന്നലെ പുതുതായി ആറു പേരെക്കൂടി പ്രവേശിപ്പിച്ചു. മൂന്നുപേരെ ഐസലേഷൻ വാർഡിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ 23 പേർ ചികിത്സയിലുണ്ട്. 75 പേരുടെ സ്രവങ്ങൾ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് നൽകി. അതിൽ രണ്ടെണ്ണം പുന:പരിശോധനയ്ക്ക് നൽകിയതാണ്.

നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. വിദേശങ്ങളിൽ നിന്ന് വരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. യാത്ര സംബന്ധിച്ച വിവരങ്ങളുടെ സത്യവാങ്മൂലവും എഴുതി വാങ്ങുന്നുണ്ട്. ആഭ്യന്തര യാത്രക്കാർ സഞ്ചരിച്ച സ്ഥലങ്ങളും പരിശോധിക്കുന്നുണ്ട്.

അന്താരാഷ്ട്ര ടെർമിനലിൽ പത്തും ആഭ്യന്തര ടെർമിനലിൽ അഞ്ചും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. 12 വീതം നഴ്സുമാരും 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ജീവനക്കാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.

പ്രധാന റെയിൽവെ സ്റ്റേഷനുകൾ, കൊച്ചി തുറമുഖം എന്നിവിടങ്ങളിലും ഹെൽപ്പ് ഡസ്കുകൾ തുറന്നു. കൊച്ചി തുറമുഖത്ത് വിദേശ യാത്രാക്കപ്പലുകൾക്ക് താത്കാലികമായി പ്രവേശന അനുമതി നൽകുന്നില്ല. എറണാകുളം, ആലുവ ജനറൽ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.