കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കൊച്ചി നഗരസഭയും ബാനർജി റോഡിൽ കലൂർ മുതൽ കച്ചേരിപ്പടി വരെയുള്ള നടപ്പാതയുടെ സ്ഥിതി മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാർ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ദയനീയ സ്ഥിതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം കൊച്ചി നഗരസഭയിലെ എക്സിക്യൂട്ടീവ് എൻജിനീയർമാരായ ടി.എ. അമ്പിളി, ടൈറ്റസ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥൻ ഇന്നലെ നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽണി.

 പണമില്ല, റോഡിന്റെ പണി സ്വാഹ

നഗരസഭക്ക് തനതു ഫണ്ടിൽ പണമില്ലെന്നും പ്ളാൻ ഫണ്ടിൽ നിന്ന് റോഡുകളുടെ ടാറിംഗിനായി 18 കോടി രൂപ മാത്രമാണ് ലഭിക്കുകയെന്നും എക്സിക്യൂട്ടീവ് എൻജിനീയർമാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. റോഡിലെ കുഴിയടയ്ക്കൽ മാത്രമാണ് ഈ തുകയ്ക്ക് സാദ്ധ്യമാകുന്നത്. അതും ബില്ലുകൾ മാറാത്തതിനാൽ കരാർ എടുക്കാൻ ആളെ കിട്ടാറുമില്ല. നിലവിൽ ഒരു കരാറുകാരനെ നിർബന്ധിച്ചാണ് അറ്റകുറ്റപ്പണികൾ തീർക്കുന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ പണമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ സർക്കാരിന് നഗരസഭ അപേക്ഷ നൽകിയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എക്സിക്യൂട്ടീവ് എൻജിനീയർമാർ ഹാജരായി വിശദീകരണം നൽകിയതിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. കൃത്യമായി വിശദീകരണം നൽകിയ എക്സിക്യൂട്ടീവ് എൻജിനീയർമാരെ ഹൈക്കോടതി അഭിനന്ദിച്ചു.

 ആകെ റോഡ്: 785 കിലോമീറ്റർ

 ടാറിംഗിന് വേണ്ടത്: 60 കോടി രൂപ

 പ്ളാൻ ഫണ്ടിൽ നിന്ന്: 18 കോടി രൂപ

 തനതു ഫണ്ട്: 0

 അടിയന്തര ഫണ്ട്: നിലവിലില്ല

 എസ്.ആർ.എം റോഡ്: മാർച്ച് അവസാനം പൂർത്തിയാക്കും

പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി ഏറ്റെടുത്ത എസ്.ആർ.എം റോഡ് അവരുടെ ജോലികൾ പൂർത്തിയാക്കി മാർച്ച് ഒമ്പതിന് നഗരസഭക്ക് കൈമാറിയെന്നും ഈ റോഡിന്റെയും എൻ.കെ. ശ്രീധരൻ റോഡിന്റെയും അറ്റകുറ്റപ്പണികൾ മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുമെന്നും നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നഗരസഭക്ക് കണ്ടിജൻസി ഫണ്ട് അനിവാര്യമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാർ വിശദീകരിച്ചു. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

 നടപ്പാത എവിടെ ? കാണാനില്ലല്ലോ

നഗരത്തിൽ കലൂർ മുതൽ കച്ചേരിപ്പടി വരെയുള്ള ഭാഗത്ത് നടപ്പാത എന്ന സംവിധാനം കാണാനില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്ന ഇൗ സ്ഥിതിക്ക് മാറ്റം വരണം. കലൂർ ജംഗ്ഷനിൽ എളമക്കരയിലേക്ക് തിരിയുന്ന ഭാഗത്ത് ഫുട്പാത്തിലാണ് ഒാട്ടോ സ്റ്റാൻഡ്. ഇതെങ്ങനെ സ്ഥാപിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. മഴ പെയ്താൽ കലൂർ - കച്ചേരിപ്പടി റൂട്ടിൽ വെള്ളം ഫുട്പാത്തിനെ മുക്കിക്കളയും. കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

 നഗരസഭ കണ്ണടച്ച് ഇരുട്ടാക്കരുത്

നഗരത്തിലെ റോഡുകളുടെ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ ചെയ്യുമോ ഇല്ലയോ എന്ന് നഗരസഭ വ്യക്തമാക്കണമെന്ന് ഹൈക്കോടതി വാക്കാൽ ആവശ്യപ്പെട്ടു. നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് ? തകർന്ന റോഡുകൾ സൃഷ്ടിക്കുന്ന പൊടിശല്യം രൂക്ഷമാണ്. ഫണ്ടില്ലാത്തതിനാൽ റോഡ് പണി നടക്കുന്നില്ല. അപകടമുണ്ടായി ആൾ നാശം സംഭവിച്ചാൽ എങ്ങനെയാണ് റോഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മേൽ പഴി ചുമത്തുക? മഴ തുടങ്ങിയാൽ പണി നടക്കില്ല. പണമില്ലെങ്കിൽ അക്കാര്യം സർക്കാരിനോട് പറയുന്നില്ല. നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കരുത് - ഹൈക്കോടതി വാക്കാൽ വിമർശിച്ചു.