കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വിനോദമേഖല സ്തംഭനത്തിലേയ്ക്ക്. സർക്കാർ, സ്വകാര്യ മേഖലകളിലെ വിനോദ കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, സനിമാ തിയേറ്ററുകൾ, പാർക്കുകൾ എന്നിവ ഈമാസം 31 വരെ പ്രവർത്തിക്കില്ല. മാളുകളിലും സിനിമാ തിയേറ്ററുകളിലും ഇന്നലെ ജനത്തിരക്ക് കുറവായിരുന്നു.
# ഇക്കോ ടൂറിസം തടഞ്ഞു
വനം വകുപ്പിന്റെ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കാലടിയിലെ പ്രകൃതി പഠനകേന്ദ്രം, കപ്രിക്കാട്ടെ അഭയാരണ്യം, പാണംകുഴി, നെടുമ്പാറച്ചിറ, നെടുമ്പാശേരി സുവർണോദ്യാനം, എറണാകുളം മംഗളവനം എന്നിവ ഈമാസം 31വരെ പ്രവർത്തിക്കില്ലെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. വാഴച്ചാൽ വെള്ളച്ചാട്ടം കാണാനെത്തുന്നതും തടഞ്ഞതായി ഡി.എഫ്.ഒ അറിയിച്ചു.
# വനിതാ കമ്മിഷൻ സിറ്റിംഗില്ല
സംസ്ഥാന വനിതാ കമ്മിഷൻ എറണാകുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്തുകൾ മാറ്റിവച്ചു.
# പഞ്ചിംഗ് നിറുത്തിവച്ചു
സംസ്കൃത സർവകലാശാല കാലടിയിലെ ആസ്ഥാനത്തെ ബയോമെട്രിക് പഞ്ചിംഗ് താൽക്കാലികമായി നിറുത്തിവച്ചു. പകരം ഹാജർ ബുക്കിൽ ഒപ്പിട്ടാൽ മതി. സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും പഞ്ചിംഗ് നിറുത്തിയിട്ടുണ്ട്.
# ബിവറേജസിൽ മാസ്കും ഗ്ളൗസും
ബിവറേജസ് കോർപ്പറേഷന്റെ വില്പനശാലകളിലെ ജീവനക്കാർക്ക് മാസ്കുകളും ഗ്ളൗസുകളും വിതരണം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. വില്പനശാലകൾ അടച്ചിടണമെന്ന് ഒരുവിഭാഗം ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.