ആലുവ: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലുവ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷ സമുദായക്കാരെ പൂർണമായി വെട്ടിനിരത്തി. ഇതിനെതിരെ പാർട്ടിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പാർട്ടി പ്രവർത്തകരുടെ ഫേസ് ബുക്കുകളിലും പ്രതിഷേധം വ്യാപകമായി.
എ, ഐ ഗ്രൂപ്പുകൾ പരസ്പര ധാരണയോടെ സ്ഥാനങ്ങൾ പങ്കിട്ടെടുക്കുകയായിരുന്നു. ഇതിനാൽ ഒരാൾപോലും ഭൂരിപക്ഷ സമുദായത്തിൽ നിന്നില്ല. നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, രണ്ട് ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവരാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ടത്. പുറമെ ഏഴ് മണ്ഡലം പ്രസിഡന്റുമാരെയും അടുത്തദിവസം തിരഞ്ഞെടുക്കും.
ഗ്രൂപ്പുകൾ നിശ്ചയിച്ചത് പ്രകാരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചവരെല്ലാം ന്യൂനപക്ഷ സമുദായക്കാരാണ്. ഭൂരിപക്ഷ സമുദായക്കാരായ യുവ നേതാക്കന്മാരോട് ആലുവയിലെ ഗ്രൂപ്പ് മാനേജർമാർക്ക് തൊട്ടുകൂടായ്മയും അയിത്തവുമാണെന്നാണ് ആരോപണം. ഗ്രൂപ്പിന്റെ പിൻബലമില്ലാതെ ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായിട്ടും മത്സരിക്കാൻ തയ്യാറായത് ഗ്രൂപ്പ് മാനേജർമാർക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടവർ പറയുന്നു.
തങ്ങളോടൊപ്പവും തങ്ങൾക്ക് ശേഷം പാർട്ടിയിലേക്ക് കടന്നുവന്നവർ സംസ്ഥാന, ജില്ലാ നേതൃത്വത്തിലേക്ക് ഉയർന്നത് നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരായി ഭൂരിപക്ഷ സമുദായ അംഗങ്ങൾ മാറിയെന്നും ഗ്രൂപ്പിൽ പറയുന്നു.
സീറ്റുകൾ പങ്കുവച്ചപ്പോൾ പേരിന് പോലും ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ഉൾപ്പെടുത്തിയില്ലെന്നും അവർ പറയുന്നു. നവമാധ്യമങ്ങളിൽ വിവാദം വൈറലായതിനെ തുടർന്ന് ഡി.സി.സി ഭാരവാഹികൾ വരെ വിളിച്ച് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. സ്ഥാനമാനങ്ങൾ വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് ചിലർ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. എന്നാൽ അവർ ഉയർത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരിക്കും അവഗണനയുടെ പ്രതിധ്വനിയുണ്ടാകുകയെന്നാണ് സൂചന.