ആലുവ: ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹത്തോട് ആലുവ പൊലീസ് അനാദരവ് കാട്ടിയതായി ആക്ഷേപം. ഗൃഹനാഥന്റെ മൃതദേഹം 20 മണിക്കൂറോളം അതേനിലയിൽ കിടത്തിയെന്നാണ് ആക്ഷേപം.
ആലുവ തോട്ടക്കാട്ടുകര കുരുതിക്കുഴി വീട്ടിൽ ജോഷിയെയാണ് (67) തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രോഗിയാണ്. രണ്ട് മക്കളും യു.എ.ഇ.യിലാണ് ജോലി ചെയ്യുന്നത്.
അഞ്ചരയോടെ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇരുട്ട് വീണെന്ന കാരണത്താൽ പൊലീസ് മൃതദേഹം താഴെയിറക്കിയില്ല. ആറ് മണിവരെ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടത്താൻ സാധിക്കുമായിരുന്നിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന് നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ ആരോപിച്ചു. പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് പോലീസ് തിരിഞ്ഞു നോക്കിയില്ല.
ഒടുവിൽ അൻവർസാദത്ത് എം.എൽ.എ. ഇടപെട്ട് റൂറൽ എസ്.പി.യെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് രാവിലെ എട്ടരയോടെയാണ് കയർ അറുത്ത് മൃതദേഹം താഴെയിറക്കിയത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.