24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം


നെടുമ്പാശേരി: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള അടിയന്തര നടപടികളുമായി കുന്നുകര പഞ്ചായത്ത്. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേർന്നു. പ്രസിഡന്റ് ഫ്രാൻസിസ് തറയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനപ്രതിനിധികളെ കൂടാതെ മെഡിക്കൽ ഓഫീസർ, ചെങ്ങമനാട് പൊലീസ് സബ് ഇൻസ്‌പെക്ടർ, ഐ.സി.ഡി എസ് സൂപർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജെ.പി.എച്ച്, ആശാ പ്രവർത്തകൾ, മറ്റ് ഉദ്ദോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. പഞ്ചായത്തിൽ നിലവിൽ യാതൊരു ഭീഷണിയും ഇല്ലെന്നും വിദേശത്ത് നിന്ന് അടുത്തിടെ നാട്ടിൽ എത്തിയവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. കൊറോണ രോഗം സംബന്ധിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും

ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കുന്നതിനായി


മതസമുദായ സംഘടന നേതാക്കൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രൂൾ റൂം തുറക്കും. ഇത് സംബന്ധിച്ച് ഓരോ ദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായി ജനപ്രതിനിധികൾ അടങ്ങുന്ന കമ്മറ്റിയെയും തിരഞ്ഞെടുത്തു. പ്രതിരോധ മരുന്നുകൾ ഉൾപടെ വേണ്ട ആവശ്യവസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്നതിന് മെഡിക്കൽ ഓഫീസറെ ചുമതലപെടുത്തി, ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ബോധവത്കരണത്തിനും നിർദേശങ്ങൾ അടങ്ങുന്ന നോട്ടീസ് അടിച്ച് വീടുകളിൽ എത്തിക്കാനും കമ്മറ്റി തീരുമാനിച്ചു.