boys
ആലുവ ജനസേവ ശിശുഭവനിൽ നിന്നും ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന ആൺകുട്ടികൾ

ആലുവ: അധികാരികളുടെ അവഗണനയിലും തളരാതെ പ്രതീക്ഷയോടെ ജനസേവയിൽനിന്ന് 15 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതി. പത്ത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമടക്കം 15 പേരാണ് ഈ വർഷം ജനസേവയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.

ജനസേവ ബോയ്‌സ് ഹോമിൽനിന്ന് പുണ്യാളൻ, ബിബിൻ, വിഷ്ണുപ്രകാശ്, സെൽവ, വിഷ്ണു ആർ, മാധവൻ, ചിന്നരാജ്, അയ്യപ്പൻ, നാഗരാജ്, വാസുദേവൻ എന്നിവരും ജനസേവ ഗേൾസ് ഹോമിൽനിന്ന് ദിവ്യ, രാഗി, അശ്വതി, അനിത, ശുഭ എന്നിവരുമാണ് പരീക്ഷയെഴുതുന്നത്.

ജീവിതപ്രതിസന്ധികളിൽ തളർന്നപ്പോൾ അവർക്ക് അഭയമേകിയ ജനസേവ ഇന്ന് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത് അവരുടെ മനസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ആൺകുട്ടികൾ നെടുമ്പാശേരി എം. എ. എച്ച്.എസിലും പെൺകട്ടികൾ കൂനമ്മാവ് സെന്റ് ഫിലോമിനാസിലുമാണ് പരീക്ഷ എഴുതുന്നത്. വർഷങ്ങളായി ഈ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ജനസേവയിലെ കുട്ടികൾക്ക് മുതൽക്കൂട്ടാണ്.
ജനസേവയിലെ കുട്ടികളുടെ നിയന്ത്രണം 2018 മേയ് 20 മുതൽ സർക്കാർ ഏറ്റെടുത്തതായി പത്രമാദ്ധ്യമങ്ങളിലൂടെ വിളംബരം ചെയ്‌തെങ്കിലും ഇപ്പോഴും ജനസേവ തന്നെയാണ് കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. ജനസേവയിലെ കുട്ടികളുടെ ക്ഷേമത്തിനായി സർക്കാർ ഇതുവരെ ഒന്നും ചിലവാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.