തൃക്കാക്കര: പ്രളയദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളെ ക്രൈം ബ്രാഞ്ച്ചോദ്യം ചെയ്യും .ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത അയ്യനാട്‌ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വി.എ. സിയാദിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു.മരണം സംബന്ധിച്ച് ബന്ധുക്കളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. അറസ്റ്റിലായ മുഖ്യപ്രതി വിഷ്ണു പ്രസാദിനെ അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്യുകയാണ് .
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. വിഷ്ണു പ്രസാദിന്റെ ബന്ധുക്കളിലേക്കും അന്വേഷണം ആരംഭിച്ചു. വിഷ്ണുവിന്റെ ഭാര്യയുടെ ബന്ധുവായ പ്രമുഖ കരാറുകാരന്റെ മകന്റെ ബാങ്ക് അക്കൗണ്ടിലേക്കും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം എത്തിയതായി സംശയമുണ്ട്. ഇയാളെ എറണാകുളത്തെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിചോദ്യം ചെയ്തു. .ബാങ്ക് വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.നേരത്തെ അന്വേഷണ സംഘം വിഷ്ണുവിന്റെ ഭാര്യയിൽ നിന്നും മൊഴിയെടുത്തിരുന്നു.വിഷ്ണു പ്രസാദിന്റെ ബന്ധുക്കളെ രണ്ടുവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.അന്വേഷണ സംഘം രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രതി മഹേഷിന്റെ പൊളളാച്ചിയിലെ കോഴി ഫാമിലും,കൊല്ലത്തെ വീട്ടിലും ഇന്ന് തെളിവെടുപ്പ് നടത്തും .തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലാണ് കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽ സെക്ഷനിലെ കണക്കുകൾ പരിശോധിക്കുന്നത് .

അഞ്ച് സി.ഐ മാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം

പ്രളയഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു.തൃക്കാക്കര സി.ഐ ആർ. ഷാബു,മെട്രോ സി.ഐ അനന്തലാൽ,പനങ്ങാട് സി.ഐ ശ്യാം കെ,.
ഹിൽപാലസ് സി .ഐ പി.രാജ്‌കുമാർ,മരട് സി .ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഓരോ സ്റ്റേഷനിൽ നിന്നും അഞ്ചുപേർ അടങ്ങുന്ന ടീം കൂടി അന്വേഷണത്തിൽ പങ്കെടുക്കും


 മൂന്ന് പ്രതികൾ ഒളിവിൽ തന്നെ

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ പിടികിട്ടാനുള്ളമൂന്ന് പ്രതികളും ഇപ്പോഴും ഒളിവിൽ തന്നെയാണ്. അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത് അൻവർ, ഭർത്താവും സി.പി.എം സസ്പെൻഡ് ചെയ്ത ലോക്കൽ കമ്മിറ്റിയംഗവുമായ എം.എം. അൻവർ, അറസ്റ്റിലായ ബി. മഹേഷിന്റെ ഭാര്യ നീതു എന്നിവരെയാണ്തെരയുന്നത്. . അൻവറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.