കൊച്ചി: കൊറോണ വൈറസ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ മാസ്ക് കിട്ടാനില്ലെന്ന പരാതിയെ തുടർന്ന് ജില്ലയിൽ ഡ്രഗ്സ് കൺട്രോളർ വിഭാഗം പരിശോധന നടത്തി. തൃപ്പുണിത്തുറ,​ വൈറ്റില,​ രവിപുരം,​ കടവന്ത്ര,​ പാലാരിവട്ടം എന്നിവിടങ്ങളിൽ അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. എന്നാൽ,​ പരിശോധനയിൽ പൂഴ്ത്തി വയ്പ്പ് കണ്ടെത്താനായില്ല. മുംബൈയിൽ നിന്നാണ് മാസ്ക് കേരളത്തിലേക്ക് എത്തുന്നതെന്നും എന്നാൽ,​ ഈ വരവ് ഇപ്പോൾ നിലച്ചതാണ് മാസ്കുകളുടെ ദൗർലഭ്യത്തിലേക്കും നയിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കളക്ടർക്ക് റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.


ഇടക്കാലത്ത് മാസ്കുകൾ പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നത് സർക്കാർ നിരോധിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വിലക്ക് നീക്കി. ഇതോടെ മാസ്ക് നിർമ്മാതാക്കൾ കയറ്റുമതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇവിടെ ലഭിക്കാത്തതിന് കാരണമെന്നാണ് നിഗമനം. അതേസമയം,​ മാസ്കുകൾ മുമ്പ് ലഭിച്ചിരുന്ന വിലയിൽ അല്ല ഇപ്പോൾ മൊത്തവിതരണക്കാർക്ക് ലഭിക്കുന്നതെന്നും കണ്ടെത്തി. മുമ്പ് 1രൂപ 30 പൈസ വിലയുണ്ടായിരുന്ന 3-ലെയർ മാസ്ക് ഇപ്പോൾ 13 രൂപയ്ക്കാണ് മൊത്ത വിതരണക്കാർക്ക് ലഭിക്കുന്നത്. അവർ അത് 17 രൂപയ്ക്കാണ് മെഡിക്കൽ സ്റ്റോറുകൾക്ക് വിൽക്കുന്നത്. എന്നാൽ,​ മെഡിക്കൽ സ്റ്റോറുകളിൽ ഇതിന്റെ വില 25 രൂപ മുതലാണെന്നും കണ്ടെത്തി. ഒരു മാസം മുമ്പ് 100 എണ്ണത്തിന് 130 രൂപയ്ക്ക് നൽകിയ മാസ്ക് 1700 രൂപയ്ക്കാണ് ഇപ്പോൾ മൊത്തക്കച്ചവടക്കാർ വിൽക്കുന്നത്.