ആലുവ: കൺസെഷൻ കാർഡില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിനികളെ സ്വകാര്യ ബസിൽ നിന്നിറക്കി വിട്ടതായി പരാതി. എടയപ്പുറം മേക്കരംകുന്ന് വൈ.എം.സി.എ കോളേജിലെ ബിരുദ വിദ്യാർത്ഥിനികളായ നന്ദന അജിത്ത്, സാന്ദ്ര പി.എസ് എന്നിവരാണ് ഇത് സംബന്ധിച്ച് ആലുവ പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ആലുവ - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ തൊഴിലാളികളാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്. കീഴ്മാട് വഴി സർവീസ് നടത്തുന്ന ബസിൽ പതിവായി സൊസൈറ്റിപ്പടിയിൽ നിന്നുമാണ് വിദ്യാർത്ഥിനികൾ ബസിൽ കയറുന്നത്. ഇന്നലെ ഈ ബസ് ഇല്ലാതിരുന്നതിനാൽ ജി.ടി.എൻ കവല വരെ കാൽനടയായി എത്തിയ ശേഷമാണ് പെരുമ്പാവൂരിൽ നിന്നും വന്ന ഇതേ ബസിൽ കയറിയത്. മുഴുവൻ ചാർജ് നൽകാത്തതിനെ തുടർന്ന് വിദ്യാർത്ഥിനികളെ അശോകപുരം കൊച്ചിൻ ബാങ്ക് കവലയിൽ ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി.