കൊറോണ ഭീതിയിൽ കൗൺസിലർമാർ

കൊച്ചി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാലിന്യനിർമ്മാർജന തൊഴിലാളികൾക്കും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ഉദ്യോഗസ്ഥർക്കും മാസ്കുകൾ നൽകുന്നതിന് കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു. മാസ്ക് വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടിയന്തരമായി ചെയ്യുന്നതിന് സെക്രട്ടറിയെയയും ഹെൽത്ത് സൂപ്പർവൈസറെയും മേയർ സൗമിനി ജെയിൻ ചുമതലപ്പെടുത്തി. തനത് ഫണ്ടിലെ തുക ഇതിനായി ഉപയോഗിക്കുമെന്നും മേയർ പറഞ്ഞു. കൊറോണ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ. എറണാകുളം ജനറൽ ആശുപത്രിയിലെ മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ.സൗമ്യ കൗൺസിലർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകി.

# രോഗലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രതിവിധികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി കോർപ്പറേഷൻ ആരോഗ്യവിഭാഗം നോട്ടീസുകൾ തയ്യാറാക്കി കുടുംബശ്രീ പ്രവർത്തകർ വഴി ഓരോ ഡിവിഷനിലും എത്തിക്കും. പൊതുചടങ്ങുകൾ ഒഴിവാക്കണമെന്ന സർക്കാരിന്റെ നിർദേശം കണക്കിലെടുത്താണ് ചുമതല.

# പൊതുസ്ഥലങ്ങളിൽ കാർക്കിച്ചു തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ പിഴ ഉൾപ്പെടെ ശിക്ഷണ നടപടികൾ സ്വീകരിക്കും

# രോഗം ഭേദപ്പെടുത്തുമെന്ന പേരിൽ തെറ്റായ പ്രതിവിധികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയതായി മേയർ പറഞ്ഞു.

# ദിശയിൽ നിന്ന് ആംബുലൻസെത്താൻ

നാലു മണിക്കൂർ

ഫോർട്ടുകൊച്ചിയിലെ ഹോംസ്റ്റേയിലെ താമസക്കാരിയായ ജർമ്മൻ പെൺകുട്ടി കഴിഞ്ഞ ദിവസം തലകറങ്ങി വീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ദിശ ഹെൽപ്‌ലൈനിൽ ഉടൻ വിവരമറിയിച്ചുവെങ്കിലും നാലു മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസെത്തിയതെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ പറഞ്ഞു. ദിശയിലേക്ക് വിളിച്ചാൽ പ്രതികരണം ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിൽ ബദൽ നമ്പർ ലഭ്യമാക്കണമെന്ന് പ്രതിഭ അൻസാരി ആവശ്യപ്പെട്ടു.

#ഹോംസ്റ്റേകളിൽ നിന്ന്

ഇറക്കിവിടരുത്

പശ്ചിമകൊച്ചിയിൽ 300 ഓളം അംഗീകൃത ഹോംസ്റ്റേകളുണ്ട്. ധാരാളം അനധികൃത സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചേരി പ്രദേശങ്ങൾ കൂടുതലുള്ള സ്ഥലമാണ്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിദേശികൾക്ക് ഹോംസ്റ്റേകളിൽ താമസം അനുവദിക്കരുതെന്ന കൗൺസിലർമാരുടെ അഭിപ്രായത്തോട് ഡോ. സൗമ്യ വിയോജിച്ചു. ഇത് അപകടകരമായ സാഹചര്യത്തിന് വഴിതെളിക്കും. ഹോംസ്റ്റകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.