കൊച്ചി: ദക്ഷിണേന്ത്യയിലെ ഏക ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ വിനോദ യാത്രയ്ക്ക് അവസരം ഒരുങ്ങുന്നു. 18 വർഷമായി കർണാടക വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഗോൾഡൻ ചാരിയറ്റ് ജനുവരി മുതൽ ഇന്ത്യൻ റെയിൽവേയുടെ ഐ.ആർ.സി.ടി.സിക്ക് കീഴിലാണ്.
പുതിയ പരിഷ്കാരങ്ങളോടെ ആരംഭിക്കുന്ന സർവീസിന് ഐ.ആർ.സി.ടി.സി പാക്കേജുകളും പ്രഖ്യാപിച്ചു.
മാർച്ച് 29, ഏപ്രിൽ 12 തീയതികളിൽ ആരംഭിക്കുന്ന പ്രൈഡ് ഒഫ് കർണാടക പാക്കേജിന് ബുക്കിംഗും തുടങ്ങി. ആറ് രാത്രികളും ഏഴ് പകലുകളും നീളുന്നതാണ് ഈ യാത്ര. ബംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര പുറപ്പെട്ട് ബന്ദിപ്പൂർ ദേശീയോദ്യാനം, മൈസൂർ, ഹലേബിഡ്, ചിക്കമംഗലൂർ, ഹംപി, ബദാമി, പട്ടടക്കൽ, ഐഹോള, ഗോവ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തും.
യാത്രാ നിരക്ക്
• ഏഴ് ദിവസത്തെ ചെലവുകൾ എല്ലാം ഉൾപ്പടെ സമ്പൂർണ പാക്കേജിന് 35 ശതമാനം ഇളവോടെ 1,94,435 രൂപയും 5 ശതമാനം ജി.എസ്.ടിയും വരും. മൂന്ന് ദിവസത്തെ പാക്കേജിന് 59,999 രൂപയും ജി.എസ്.ടിയും.
ഗോൾഡൻ ചാരിയറ്റിൽ പുതുമയാർന്ന നിരവധി സൗകര്യങ്ങളും സേവനങ്ങളുമുണ്ട്. സാധാരണ ഇന്ത്യൻ യാത്രക്കാർക്ക് അപരിചിതമാണ് പല ആഡംബരങ്ങളും.
പരിഷ്‌കരിച്ച മുറികൾ, ശുചിമുറികൾ,
ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ, തിരശീലകൾ, പാത്രങ്ങൾ, മുറികളിൽ സ്മാർട്ട് ടിവി, വൈഫൈ, സുരക്ഷാ കാമറകൾ, ഫയർ അലാറം എന്നീ സൗകര്യങ്ങളും ഉണ്ട്.
അതിവിദഗ്ദ്ധ പാചകക്കാർ ഒരുക്കുന്ന നാടൻ വിദേശ വിഭവങ്ങൾ, വൈൻ, ബിയർ
തുടങ്ങിയവയും പക്കേജിലുൾപ്പെടുന്നു. സ്പാ തെറാപ്പി, വ്യായാമത്തിനുള്ള യന്ത്രങ്ങൾ തുടങ്ങിയവയും ട്രെയിനിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:www.goldenchariot.org. ഐ.ആർ.സി.ടി.സി, എറണാകുളം – 8287931907, 8287931933 തിരുവനന്തപുരം–8287932095.