കോലഞ്ചേരി: വരനായാലും , വധുവായാലും വിദേശത്തു നിന്നും എത്താനാകുന്നില്ലെങ്കിൽ എന്തുചെയ്യും. നാട്ടിൽ നടക്കേണ്ട വിവാഹങ്ങൾ അനിശ്ചിതമായി നീട്ടി വയ്ക്കുന്നു. പെരുമ്പാവൂരും, എറണാകുളത്തും കല്യാണ മണ്ഡപങ്ങളിൽ 29 ഏപ്രിൽ 5 തീയതികളിൽ നടക്കാനിരുന്ന നിരവധി വിവാഹങ്ങൾ മാറ്റിവച്ചു. 29 ന് നടക്കേണ്ട ഒരു വിവാഹത്തിന്റെ വരനെത്തേണ്ടത് അസർബെയ്ജാനിൽ നിന്നാണ് . അവിടെ നിന്നും യാത്ര വിലക്കേർപ്പെടുത്തിയതോടെ നാട്ടിലെത്താൻ കഴിയില്ലെന്ന് വീട്ടുകാരെ അറിയിച്ചു. 14 നായിരുന്നു നാട്ടിലെത്താൻ ടിക്കറ്റെടുത്തിരുന്നത്. ദോഹ വഴിയാണ് ഇന്ത്യയിലേയ്ക്ക് എത്തുക.ദോഹയിലെത്തുന്ന ഇന്ത്യാക്കാരും ഐസൊലേഷൻ വാർഡിൽ പോകേണ്ടിവരും . പിന്നീട് മെഡിക്കൽ ബോർഡിന്റെ കർശന പരിശോധനയും, സർട്ടിഫിക്കറ്റുകളും ഉണ്ടെങ്കിൽ മാത്രമാണ് നാട്ടിലെത്താൻ കഴിയൂ. അതോടെ യാത്ര പൂർണമായും ഉപേക്ഷിക്കുകയാണ്.
ഏപ്രിൽ 5 ന് നടക്കേണ്ട ഒരു വിവാഹത്തിൽ വരനെത്തേണ്ടത് ആസ്ട്രേലിയയിൽ നിന്നാണ് .സമാന സാഹചര്യത്തിൽ എത്താൻ കഴിയാതാകുന്നതോടെ വിവാഹങ്ങൾ അനിശ്ചിതമായി നീട്ടി വയ്ക്കാനാണ് ബന്ധുക്കൾ എടുത്ത തീരുമാനം. ഇത്തരത്തിൽ നിരവധി പേരാണ് മറ്റു രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. കൊറോണ സംസ്ഥാനത്തും സ്ഥിരീകരിച്ചതോടെ ഒരു തരത്തിലും യാത്ര അനുവദിക്കില്ലെന്നാണ് അസർബെയ്ജാനിൽ ജോലി ചെയ്യുന്ന കമ്പനിയിലെ വക്താക്കൾ അറിയിച്ചതെന്ന് വരൻ 'കേരളകൗമുദിയോട് ' പറഞ്ഞു. അഥവാ എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ തന്നെ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ നിരവധി മെഡിക്കൽ കടമ്പകൾ കടക്കേണ്ടിയും വരും. ഇതോടെ സമയത്തിന് തിരിച്ചെത്താൻ കഴിയില്ലെന്ന ആശങ്കയുമുണ്ട്. തുടർന്ന് യാത്ര അനിശ്ചിതമായി നീട്ടി വയ്ക്കുകയായിരുന്നു.
പണം തിരിച്ചു നൽകി ഹാൾ ഉടമകൾ
കല്യാണ മണ്ഡപ ഉടമകൾ ഇക്കാര്യത്തിൽ ബന്ധുക്കളോട് പൂർണ്ണമായും സഹകരിക്കുകയാണ്. മുഴുവൻ തുകയും അഡ്വാൻസ് നല്കിയാണ് എറണാകുളത്ത് പ്രമുഖ മണ്ഡപത്തിൽ ഹാൾ മാസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത പണം തീയതി മാറ്റിയാൽ തിരികെ തരില്ലെന്നാണ് കരാർ,എന്നാൽ ഈ സാഹചര്യത്തിൽ തീയതി മാറ്റുന്നതിന് ഹാളുടമകൾ പൂർണ്ണമായും സഹകരിച്ചതായി ബന്ധുക്കൾ പറഞ്ഞു. വിവാഹിതരാകേണ്ടവർ എത്തിയിട്ട് ഒരു തീയതി അറിയിച്ചാൽ സൗകര്യങ്ങൾ നല്കാമെന്നാണ് അറിയിച്ചത്. നാട്ടിലുള്ള മറ്റുള്ളവരും ഞായറാഴ്ച നടക്കേണ്ട വിവാഹത്തിന്റെ ആർഭാടങ്ങൾ കുറയ്ക്കാൻ തീരുമാനിച്ചു. അമ്പലത്തിൽ ചടങ്ങു മാത്രം നടത്തി വിവാഹാഘോഷങ്ങൾ ഉപേക്ഷിക്കാൻ ഇരു കൂട്ടരും തീരുമാനമെടുക്കുകയാണ്.