കൊച്ചി: ജില്ലയിൽ ജലമോഷണം നടത്തിയ 57 കേസുകളിൽ ജല അതോറിറ്റി ആൻഡ് വാട്ടർ തെഫ്റ്റ് സ്ക്വാഡ് 14 ലക്ഷം രൂപ പിഴ ഈടാക്കി. വിച്ഛേദിച്ച കണക്ഷൻ അനധികൃതമായി തുറന്ന് ജലം ശേഖരിച്ച ഹോട്ടലിന് രണ്ടര ലക്ഷം രൂപയാണ് പിഴ.അനധികൃത കണക്ഷൻ വഴി ജലം ശേഖരിച്ചതിന് മറ്റൊരു ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കും. നടപ്പാതയ്ക്ക് ടൈൽ വിരിക്കുന്നതിനും കലുങ്ക് നിർമ്മിക്കുന്നതിനും പൊതുടാങ്ക് ദുരുപയോഗം ചെയ്ത കരാറുകാരനും കാൽലക്ഷം രൂപ പിഴ ചുമത്തി.

ഗാർഹിക കണക്‌ഷനിൽ നേരിട്ട് മോട്ടോർ ഘടിപ്പിച്ച് ജലം ശേഖരിച്ച 20 ഉടമകൾക്ക് പതിനായിരം രൂപ വീതവും ഗാർഹികേതര കണക്ഷന് സമാന കുറ്റത്തിന് കാൽലക്ഷം രൂപയും പിഴ ചുമത്തി. പൊളിച്ചുകളഞ്ഞ കെട്ടിടത്തിന്റെ ലൈനിൽ നിന്ന് അനധികൃതമായി ജലം ചോർത്തിയെടുത്ത കേസിൽ കാൽലക്ഷം രൂപ പിഴയും ഗാർഹികേതര താരിഫിൽ 5000 രൂപയും അധിക വാട്ടർ ചാർജും ഈടാക്കി.