കോലഞ്ചേരി: സമയം രാവിലെ 7 മണി , പണിയന്വേഷിച്ച് ഭായിമാർ പട്ടിമറ്റം ടൗണിലെത്തി കാത്തു നിൽക്കുന്നു. സാധരണക്കാരായ നാട്ടുകാർ പോലും മാസ്ക്ക് ധരിച്ച് ടൗണിലൂടെ കറങ്ങുമ്പോൾ ഭായിമാർ കൗതകത്തോടെയാണ് നോക്കുന്നത്. നാട്ടിൽ നടക്കുന്ന കൊറോണ കോലാഹലങ്ങളാെന്നു അവർക്കു മനസിലായിട്ടില്ല. മൂന്നു പേർ മാസ്ക്ക് ധരിച്ച് റോഡരുകിൽ നിന്ന് സംസാരിക്കുന്നു. കൂട്ടത്തിൽ നിൽകുന്ന ഒരു ഭായി തൊട്ടടുത്ത നിന്ന ഹിന്ദി അറിയാവുന്ന മലയാളിയോട് മാസ്ക്ക് ധരിച്ചവരെ ചൂണ്ടി എന്തോ ചോദിക്കുന്നു. അയാളുടെ മറുപടി ഒറ്റ വാക്കിലൊതുങ്ങി. ഓ ഭൈയ്യാ കൊറോണ ഹെ ! കൊറോണ.... ഭായിയുടെ മറുചോദ്യം കൊറോണ... വൊ ക്യാ ഹെ ?. ഇതാണിപ്പോ നാട്ടിലെ അവസ്ഥ. കൊറോണ വൈസിന്റെ വലിയ ആശങ്കയായി നിലനിൽക്കെ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണമോ മുന്നറിയിപ്പുകളോ അധികൃതർക്ക് നൽകാനാകുന്നില്ല. നിലവിലെ സ്ഥിതിയെപ്പറ്റി തൊഴിലാളികൾക്ക് അറിവില്ല.
നിലവിലെ സ്ഥിതിയറിയാതെ ഇതര സംസ്ഥാനക്കാർ
പ്രദേശവാസികളെ രോഗം പകരുന്നതിൽ നിന്ന് രക്ഷിക്കാനുള്ള കഠിനാധ്വാനത്തിനിടയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മുൻകരുതലുകൾ രേഖപ്പെടുത്തിയ ലഘുലേഖയെങ്കിലും വിതരണം ചെയ്യാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല.രോഗം നിയന്ത്റണവിധേയമാകുന്നത് വരെ തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് മടക്കി അയയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ജോലികൾക്ക് തടസം വരുമെന്നതിനാൽ കരാറുകാർ സ്വന്തം നിലയ്ക്ക് ഇത്തരത്തിലൊരു നടപടിക്ക് തയാറാകില്ലെന്നാണ് സൂചന. തൊഴിലാളികൾ മടങ്ങിപ്പോകുമെന്ന സംശയത്താൽ നിലവിലെ സ്ഥിതി, മിക്ക കരാറുകാരും തൊഴിലാളികളുമായി പങ്കുവയ്ക്കുന്നുമില്ല.
ബോധവത്കരണം മറ്റുള്ളവർക്കില്ലേ?
ഇവിടെയുള്ളവർക്ക് ബോധവത്ക്കരണം നൽകുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ അധികൃതർക്ക് യാതൊരു നടപടിയും നൽകാനാകുന്നില്ല. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തതു കാരണം തൊഴിലാളികൾ അവരുടെ അലസമായ ജീവിത രീതികളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വാസസ്ഥലങ്ങൾ മിക്കതും വൃത്തിഹീനമാണ്. രോഗ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അവർക്കറിയില്ല. ലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ചികിത്സ തേടണമെന്നത് സംബന്ധിച്ചും അറിവൊന്നുമില്ല. ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ തമ്പടിച്ചിട്ടുള്ള മേഖലയാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
സൗജന്യ മാസ്ക്കുമായി ലീഫ് കുന്നത്തുനാട്
കുന്നത്തുനാട്ടിലെ സംസ്കാരിക സംഘടനയായ ലീഫിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾക്ക് ക്ഷാമം നേരിട്ടതോടെ സൗജന്യ വിതരണം തുടങ്ങിയതായി ചെയർമാൻ നിസാർ ഇബ്രാഹിം പറഞ്ഞു.
പെരുമ്പാവൂരിലും സൗജന്യ മാസ്ക്ക്
ഗവ.ആശുപത്രിക്കടുത്ത ലൈഫ് കെയർ സർജിക്കൽ എന്ന സ്ഥാപനമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. നിലവിലുള്ള സ്റ്റോക്ക് തീരും വരെയാണ് വിതരണം. മെഡിക്കൽ ഷോപ്പുകളിൽ മാസ്ക്കുകൾക്ക് കടുത്ത ക്ഷുമം നേരിട്ടതോടെയാണിത്.