കൊച്ചി: നഗരം ശൂന്യമാണ്.പ്രഭാത സവാരി വേണ്ടെന്ന് വച്ചു. ഗതാഗതതിരക്ക് കുറഞ്ഞു. ബസിലും ട്രെയിനിലും മെട്രോയിലും ആളില്ലാതായി. മാളുകളിൽ തിരക്കില്ല. സുഭാഷ് പാർക്കിനെയും മറൈൻഡ്രൈവിനെയും സന്ദർശകർ കൈവിട്ടു. നൃത്തം, സംഗീതം ഉൾപ്പെടെയുള്ള കലാ പരിശീലന പരിപാടികൾ നിലച്ചു. കലൂർ സെന്റ് ആന്റണീസ് പള്ളിയിലെ നൊവേന പോലും വിശ്വാസികൾ ഉപേക്ഷിച്ചു. മറ്റ് ആരാധാനാലയങ്ങളിലും തിക്കും തിരക്കും കുറഞ്ഞു. ആളുകൾക്ക് പരസ്പരം സ്പർശിക്കാൻ ഭയമായി . ഹസ്തദാനം നമസ്‌തേയിലേക്ക് ചുരുങ്ങി.
കേരളത്തിൽ 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആകെ ഭീതിയിലാണ്. കളമശേരി മെഡിക്കൽ കോളേജിൽ മൂന്നു പേർ ചികിത്സയിലുണ്ടെന്ന് അറിഞ്ഞതോടെ ആശങ്ക ഇരട്ടിച്ചു. അതിനിടെ പ്രവാസി മലയാളികൾ തൊട്ടടുത്ത പ്രദേശങ്ങളിൽ വന്നിട്ടുണ്ടെന്ന പ്രചരണങ്ങൾ ജനങ്ങളുടെ സമാധാനം കെടുത്തുന്നു.
# കളക്ഷനിൽ 35 ശതമാനം കുറവ്
കൊറോണ ഭീഷണി ഏറ്റവും അധികം ബാധിച്ചത് ബസ് സർവീസുകളെയാണ്. ബസ് യാത്രക്കാരുടെ എണ്ണം പാതിയായി. കളക്ഷനിൽ 35 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. എങ്കിലും നിലവിലുള്ള സർവീസുകൾ വെട്ടികുറയ്ക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ബി.സത്യൻ പറഞ്ഞു.
കെ. എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ട്. കൊറോണ വാർത്തകളെ തുടർന്ന് മലയാളികൾ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ചതിനാൽ അന്തർസംസ്ഥാന ബസുകളിലും തിരക്കില്ല. ട്രെയിനുകളിൽ തിരക്ക് കുറഞ്ഞു. ചെന്നൈ - ആലപ്പി ഉൾപ്പെടെയുള്ള മിക്ക ട്രെയിനുകളിലും കമ്പാർട്ടുമെന്റുകൾ കാലിയായിരുന്നുവെന്ന് ഇടപ്പള്ളി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ ആർ.ഡി.മണികണ്ഠൻ പറഞ്ഞു.തിരക്കുള്ള സമയങ്ങളിൽ പോലും മെട്രോയിലെ ഭൂരിഭാഗം സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
# ചങ്ങമ്പുഴ പാർക്കിൽ
നടപ്പുകാർക്ക് ഇളവ്
നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമായ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ഇന്നലെ മുതൽ അടച്ചു. ഈ മാസത്തേക്ക് നിശ്ചയിച്ചിരുന്ന കലാപരിപാടികളെല്ലാം റദ്ദാക്കി. കുട്ടികളുടെ പാർക്കും പ്രവർത്തിക്കില്ല. എന്നാൽ സ്ഥിരം നടപ്പുകാരുടെ സൗകര്യം കണക്കിലെടുത്ത് രാവിലെ 5.30 മുതൽ 8.30 വരെ പാർക്ക് തുറന്നിടും. അതിനുശേഷം അടയ്ക്കുമെന്ന് ഭരണസമിതി അംഗം പറഞ്ഞു.
# രാഷ്‌ട്രിയക്കാർക്കും വിശ്രമം
പൊതുപരിപാടികളില്ല, യോഗങ്ങളില്ല, പരാതിക്കാരുടെ തിരക്കില്ല, രാഷ്‌ട്രിയക്കാർക്കും ഇത് വിശ്രമകാലമാണെന്ന് നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ.ആന്റണി പറഞ്ഞു.