bpcl-

കൊച്ചി: ആഗോളതലത്തിൽ എണ്ണവിലയും ഓഹരി വിപണിയും തകർന്നടിഞ്ഞത് ബി.പി.സി.എൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടിയായി.

ഓഹരി വിപണി തകർന്നതിനാൽ ബി.പി.സി.എൽ ഓഹരികളുടെ വിലയിടിഞ്ഞു. കമ്പനിയുടെ മൂല്യവും കുറഞ്ഞു. എന്നി​ട്ടും തി​ങ്കളാഴ്ച വിപണി​യി​ൽ ബി​.പി​.സി​.എൽ ഓഹരി​കളുടെ വി​ലയി​ൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി​യതെന്നതാണ് ഒരേ ഒരു ശുഭസൂചന. ഇന്നലെ വീണ്ടും ഇടി​യുകയും ചെയ്തു.

കഴി​ഞ്ഞ നവംബർ 21ന് 549.70 രൂപയി​ലെത്തി​യ ബി​.പി​.സി​.എല്ലി​ന്റെ ഓഹരി​ക്ക് ഇന്നലെ 402 രൂപയാണ് വി​ല. ഇന്നലെ രാവി​ലെ 423 രൂപയ്ക്ക് ട്രേഡിംഗ് ആരംഭി​ച്ച ഓഹരി​യാണി​ത്.

റഷ്യയും സൗദി അറേബ്യയും തമ്മിൽ തുടങ്ങിയ വ്യാപാര യുദ്ധം ലോക എണ്ണവിപണിയെ ഉലച്ച സാഹചര്യമാണ്. ഒറ്റ ദിനം കൊണ്ട് ക്രൂഡ് ഓയിൽ വില 30 ശതമാനമാണ് ഇടി​ഞ്ഞത്. മൂന്നു പതി​റ്റാണ്ടി​നി​ടെയുണ്ടായ ഏറ്റവും വലി​യ തകർച്ച. ഇനിയും വി​ലകുറയാനുള്ള സാധ്യതകളാണ് തെളി​യുന്നതും.

വി​പണി​യി​ലെ പുതി​യ സംഭവവി​കാസങ്ങൾ ബി​.പി​.സി​.എല്ലി​നോടുള്ള താല്പര്യം കുറയ്ക്കുമെന്നാണ് സൂചനകൾ. റി​ലയൻസി​ന്റെ ഓഹരി​വി​ലയി​ലുണ്ടായ ഇടി​വ് കമ്പനി​ക്കും ചെയർമാൻ മുകേഷ് അംബാനി​ക്കും കനത്ത തി​രി​ച്ചടി​യാണുണ്ടാക്കി​യത്. റി​ലയൻസും വേദാന്തയും ഉൾപ്പടെയുള്ളവാണ് ബി​.പി​.സി​.എല്ലി​ൽ കണ്ണുവെച്ചി​ട്ടുള്ള ഇന്ത്യൻ കമ്പനി​കൾ.

ബി​.പി​.സി​.എൽ വി​ല്പനയ്ക്ക് കേന്ദ്രസർക്കാർ ആഗോള ടെണ്ടർ ക്ഷണി​ച്ചി​ട്ടുണ്ട്. 74,000 കോടി​ രൂപ മി​നി​മം ആസ്തി​യുള്ള കമ്പനി​കൾക്കാണ് അർഹത. മേയ് രണ്ടാണ് താല്പര്യപത്രം സമർപ്പി​ക്കേണ്ട അവസാന ദി​നം. ഇവരി​ൽ നി​ന്ന് തി​രഞ്ഞെടുക്കപ്പെട്ടവർക്കാണ് ടെണ്ടർ സമർപ്പി​ക്കാനാവുക.

രാജ്യത്തെ പൊതുമേഖലാ കമ്പനി​കൾ ടെണ്ടർ സമർപ്പി​ക്കുന്നതി​ന് വി​ലക്കുണ്ട്.

കേന്ദ്രസർക്കാരി​ന് ബി​.പി​.സി​.എല്ലി​ന്റെ 114 കോടി​ ഓഹരി​കളുണ്ട്. 52.98 ശതമാനം. 48,700 കോടി​ രൂപയോളം വരും ഇതി​ന്റെ മൂല്യം.

നാല് റി​ഫൈനറി​കളാണ് ബി​.പി​.സി​.എല്ലി​ന്. മുംബയ്, കൊച്ചി​, ബി​ന (മദ്ധ്യപ്രദേശ്), നുമാലി​ഗഡ് (അസം). 38.3 ദശലക്ഷം ടണ്ണാണ് വാർഷി​ക സംസ്കരണ ശേഷി​. രാജ്യത്തെ മൊത്തം സംസ്കരണ ശേഷി​യുടെ 15 ശതമാനം വരുമി​ത്.

തന്ത്രപ്രധാന മേഖലയായതി​നാൽ അസമി​ലെ നുമാലി​ഗഡ് റി​ഫൈനറി​ ഒഴി​വാക്കി​യാണ് ബി​.പി​.സി​.എൽ വി​ല്പന.

രാജ്യത്തെ 15,177 പെട്രോൾ പമ്പുകളും 6,011എൽ.പി​.ജി​ ഏജൻസി​കളും 51 എൽ.പി​.ജി​ ബോട്ട്ലിംഗ് പ്ളാന്റുകളും ബി​.പി​.സി​.എല്ലി​ന്റേതാണ്.

ബി.പി.സി.എല്ലിന്റെ മൊത്തം വിപണിമൂല്യം പ്രതീക്ഷിക്കുന്നത് 87,388 കോടി രൂപയാണ്. സർക്കാർ ഓഹരി വില്പനയിലൂടെ 46,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ ഓഹരികൾ വാങ്ങുന്ന നിക്ഷേപകകമ്പനി, ഓപ്പൺ ഓഫറിലൂടെ, മറ്റ് ഓഹരിയുടമകളിൽ നിന്ന് 26 ശതമാനം ഓഹരികളും ഇതേ വിലയ്ക്ക് വാങ്ങണമെന്ന് നിബന്ധനയുണ്ട്. ഇതിന്, കുറഞ്ഞത് 10,000 കോടി രൂപ അധികം മുടക്കണം

₹2.10 ലക്ഷം കോടി
ബി.പി.സി.എൽ ഓഹരി വില്പന വിജയിക്കേണ്ടത് കേന്ദ്രസർക്കാരിന് നിർണായകമാണ്. 2020-21 സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 60,000 കോടി രൂപയാണ് ബി.പി.സി.എൽ ഓഹരി വില്പനയുടെ ലക്ഷ്യം.