കൊച്ചി: കൂത്താട്ടുകുളത്തെ രാജീവ് ഗാന്ധി സഹകരണ ആശുപത്രി ലൈസൻസും അനുമതികളുമില്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് എറണാകുളം ജില്ലാ കളക്ടറും കൂത്താട്ടുകുളം നഗരസഭയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രാജീവ് ഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവർത്തനം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കൂത്താട്ടുകുളം സ്വദേശി ജസ്റ്റിൻ ഏലിയാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സഹകരണ ആശുപത്രിയുടെ ലൈസൻസും അനുമതി രേഖകളും ഹാജരാക്കാൻ ആശുപത്രി അധികൃതർ കോടതിയിൽ കൂടുതൽ സമയം തേടി. സഹകരണ ആശുപത്രി പൂർണ്ണതോതിൽ പ്രവർത്തിക്കുന്നില്ലെന്നും കൺസൾട്ടേഷൻ മാത്രമാണ് ഇവിടെ നടക്കുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ മതിയായ അനുമതികളും ലൈസൻസുമില്ലാതെ ആശുപത്രി പ്രവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുകയോ ചികിത്സ നൽകുകയോ ചെയ്യുന്നില്ലെന്ന് കളക്ടറും നഗരസഭയും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.