വരവ് 13.45 കോടി

ചെലവ് 13.24 കോടി

മിച്ചം 20ലക്ഷം

കൂത്താട്ടുകുളം: വിശപ്പ് രഹിത കേരളം പദ്ധതി കുടുംബശ്രീ വഴി ഏപ്രിൽ മുതൽ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി തിരുമാറാടി പഞ്ചായത്തിന്റെ ബജറ്റ്. 25 രൂപ നിരക്കിൽ ഊണ് നൽകുന്ന കുടുംബശ്രീ ഭക്ഷണശാല പഞ്ചായത്തിൽ ആരംഭിക്കുവാൻ തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ബജറ്റ് വാഗ്ദാനം ചെയ്തു.ലൈബ്രറികളുടെയും സാംസ്‌കാരിക നിലയങ്ങളുടെയും സഹകരണത്തോടെ പഞ്ചയത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ വയോജന ക്ലബുകൾ ആരംഭിക്കുവാനും ഹരിതകേരളം മിഷന്റെ സഹകരണത്തോടെ മണ്ണത്തൂർ ദുർഗാക്ഷേത്ര പരിസരത്ത് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുവാനും പഞ്ചായത്ത്‌ ഭരണ സമിതി ലക്ഷ്യമിടുന്നു.

13.45കോടി രൂപ വരവും 13.24കോടി രൂപ ചെലവും 20ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുഷ്പലത രാജു അവതരിപ്പിച്ചത്. പ്രസിഡന്റ് ഒ.എൻ വിജയൻ അദ്ധ്യക്ഷനായി.സ്ഥിരം സമിതി അദ്ധ്യക്ഷരായ സാജു ജോൺ, രമ മുരളീധര കൈമൾ, കെ.ആർ പ്രകാശൻ, സെക്രട്ടറി കെ.രാജശ്രീ എന്നിവർ സംസാരിച്ചു. രണ്ട് ഘട്ടങ്ങളിലായി 46 വീടുകൾ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിച്ച പഞ്ചായത്തിൽ ഈ വർഷം 2.06 കോടി രൂപ ചിലവിൽ 37 പേർക്കാണ് വീട് നൽകുക. ഇതിൽ ഭൂരഹിതരായ ആളുകൾക്ക് ഭൂമി വാങ്ങി വീട് പണിയാനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ്.ജില്ലാ പഞ്ചായത്ത്‌, എൻ.ആർ.ഇ.ജി എന്നിവയുമായി സഹകരിച്ച് പഞ്ചയാത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിലെ പ്രധാന തോടുകളുടെ ആഴം വർധിപ്പിക്കുന്ന നടപടികൾ സ്വീകരിക്കും. പഞ്ചായത്തിലെ കാക്കൂർ, മണ്ണത്തൂർ എൽപി സ്കൂളുകളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും 16 ലക്ഷം, ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും 2.10 കോടി രൂപ, നെൽകൃഷിക്ക് നൽകുന്ന 7 ലക്ഷം രൂപ സബ്‌സിഡി ഉൾപ്പടെ കാർഷിക മേഖലയ്ക്ക് 31 ലക്ഷം.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്ക് 10.5ലക്ഷം, ആരോഗ്യരംഗത്തിന് 22ലക്ഷം എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതി നിർദേശങ്ങൾ.ഏപ്രിൽ ഒന്ന് മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് എം.ആർ.എഫ് സെന്ററിൽ സംസ്കരിക്കുവാൻ സർക്കാർ കമ്പിനിയായ ക്ലീൻ കേരളയുമായി കരാർ ഉണ്ടാക്കിയതായി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.എൻ വിജയൻ പറഞ്ഞു.പഞ്ചായത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ പണം വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ നാവോളിമറ്റം ഗ്രാമീണ കളിക്കളം ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്ഷീര കർഷകർക്ക് 5ലക്ഷം രൂപ സബ്‌സിഡി

മൃഗസംരക്ഷണത്തിന് 7.5 ലക്ഷം,

പട്ടികജാതി കോളനി നവീകരണത്തിന് 18 ലക്ഷം

അംങ്കണവാടി പോഷകാഹാര പരിപാടിക്ക് 12ലക്ഷം

പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്ക് 23 ലക്ഷം

വയോജന ക്ഷേമത്തിന് മൂന്ന് ലക്ഷം,