കോലഞ്ചേരി: പട്ടിമറ്റത്തിനടുത്ത് ചേലക്കുളം കാവുങ്ങൽ പറമ്പിൽ,വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി പതിനൊന്നു വയസുകാരനെ അന്യസംസ്ഥാന തൊഴിലാളി തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, അടിയേറ്റ കുട്ടിയുടെ നിലയിൽ നേരിയ പുരോഗതി. തലയോട്ടിക്കുണ്ടായ പൊട്ടൽ ഒഴിവാക്കാൻ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ന്യൂറോ ഐ.സി.യു വിൽ തുടരുകയാണ്. ഇതു വരെ പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. ഇയാൾ കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. മയക്കു മരുന്നിന് അടിമയോ, മനോരോഗിയോ ആണ് ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതു വരെ വ്യക്തമായ കാര്യങ്ങളൊന്നും ഇയാൾ പറയുന്നില്ല. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇതു വരെ ഇയാളെ അന്വേഷിച്ച് ബന്ധുക്കളോ, സുഹൃത്തുക്കളോ എത്തിയിട്ടുമില്ല. നേരത്തെ പെരുവുംമൂഴി മേഖലയിൽ കട്ടക്കളത്തിൽ ജോലി ചെയ്തെന്ന സൂചന മാത്രമാണുള്ളത്. ഇതേ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സി.ഐ വി.ടി ഷാജൻ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 6 നാണ് സംഭവം. വീട്ടിൽ നിന്നും രാവിലെ മത പഠനത്തിനു പോകാനായി തയ്യാറുകുന്നതിനിടെ അപ്രതീക്ഷിതമായി വീട്ടിൽ അതിക്രമിച്ചു കയറി മരത്തിന്റെ വടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.