അവസാനിപ്പിച്ചത് പത്ത് ദിവസം നേരത്തെ, നഗരസഭയ്ക്ക് നഷ്ടം 21 ലക്ഷം രൂപ

ആലുവ: കൊറോണ ഭീതിയെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ആലുവ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേള ഉപേക്ഷിക്കാൻ നഗരസഭ കൗൺസിലിന്റെ അടിയന്തരയോഗം തീരുമാനിച്ചു.

കഴിഞ്ഞ 21ന് മഹാശിവരാത്രിയോടനുബന്ധിച്ചാണ് മണപ്പുറത്ത് ഒരുമാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയും അമ്യൂസ്‌മെന്റ് പാർക്കും നടക്കുന്നത്. ഇവ ഇന്ന് അവസാനിപ്പിക്കും. നിത്യേന ആയിരക്കണക്കിന് ആളുകളാണ് മണപ്പുറത്തേക്ക് എത്തുന്നത്. ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് വ്യാപാരമേള അവസാനിപ്പിക്കാൻ കാരണം. അമ്യുസ്‌മെന്റ് പാർക്കും സ്റ്റാളും ലേലം വിളിച്ചെടുക്കുന്നവർ മൂന്നിൽ ഒരു ഭാഗം മാത്രമാണ് മുൻകൂറായി നഗരസഭയിൽ അടക്കുന്നത്. ബാക്കിതുക വ്യാപാരമേള അവസാനിക്കുന്നതിന് മുമ്പ് തവണകളായി അടക്കുകയാണ് പതിവ്. ഈ ഇനത്തിൽ നഗരസഭക്ക് ലഭിക്കേണ്ട 21 ലക്ഷത്തോളം രൂപ വ്യാപാരമേള നേരത്തെ അവസാനിപ്പിക്കുന്നതിനെ തുടർന്ന് നഷ്ടമാകും.

ചൈനയിൽ നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾ കൊറോണയെ തുടർന്ന് ഇന്ത്യയിൽ എത്താതിരുന്നത് മേളയ്‌ക്കെത്തിയ വ്യാപാരികളെ നേരത്തെ വലച്ചിരുന്നു. നഗരസഭ അദ്ധ്യക്ഷ വിഷയം കൗൺസിലിൽ ഉന്നയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും വ്യാപാരമേള നിർത്തുന്നതിനെ അനുകൂലിക്കുകയായിരുന്നു. ഹോട്ടലുകൾക്കും കൈകഴുകാനുളള സംവിധാനമുളള മറ്റു വ്യാപാര സ്ഥാപനങ്ങളും ഹാൻഡ് വാഷ് സംവിധാനം ഏർപ്പെടുത്തണമെന്ന് കൗൺസിൽ യോഗം നിർദ്ദേശിച്ചു. ഓഡിറ്റോറിയങ്ങൾ, ഹെൽത്ത് ക്ലബുകൾ തുടങ്ങിയവ അടച്ചിടാനുളള അറിയിപ്പ് നൽകും. നഗരസഭവക പാർക്ക്, ലൈബ്രറി, ഗ്രൗണ്ട് എന്നിവ മാർച്ച് 31 വരെ അടച്ചിടുമെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം അറിയിച്ചു.
എല്ലാ വാർഡിലും മുഖ്യ സ്ഥലങ്ങളിലിൽ നിർദേശങ്ങളടങ്ങിയ ബാറനുകൾ വലിച്ചുകെട്ടും. ആരോഗ്യസുരക്ഷാ നോട്ടീസുകൾ വീടുകൾ തോറും എത്തിക്കും. നഗരസഭയിൽ ജീവനക്കാർക്കായി ഹാൻഡ് വാഷ്, മാസ്‌ക് സംവിധാനം എത്തിക്കും. മാർച്ച് 31 വരെ ടൗൺ ഹാൾ ബുക്ക് ചെയ്തവർ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുന്നതിനോ വളരെക്കുറച്ച് ആളുകളെ മാത്രം ക്ഷണിച്ച് പരിപാടി നടത്തുന്നതിനോ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു.
ജില്ലാ ഹോസ്പിറ്റലിൽ ഐസലേഷൻ വാർഡിനു പുറകിൽ പൈപ്പ്‌ലൈൻ റോഡിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം അടിയന്തരമായി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആവശ്യപ്പെട്ടു.