കോലഞ്ചേരി: നെല്ലാട് ഗാന്ധിഗ്രാം ഡെവലപ്‌മെൻ്റ് സൊസൈറ്റിയുടെ കീഴിലുള്ള മരപ്പണി പരിശീലന കേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിവേദനം നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ യുവാക്കൾക്ക് മരപ്പണി പരിശീലനം നൽകുന്നതിനാണ് പരിശീലന കേന്ദ്രം സ്ഥാപിച്ചത്. ജില്ലാ കളക്ടർ, പ്ലാനിംഗ് കമ്മീഷണർ, പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് നിവേദനം നൽകിയത്. മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട് ഗാന്ധിഗ്രാം കോളനിയോടനുബന്ധിച്ച് പ്രവർത്തനം തുടങ്ങിയതാണ് സൊസൈറ്റിയുടെ മരപ്പണി പരിശീലന കേന്ദ്രം. കോളനി നിവാസികളുൾപ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾ ഇവിടെ നിന്ന് മരപ്പണി പരിശീലനം നേടിയിട്ടുണ്ട്. വർഷങ്ങളായി പൂട്ടിയിരിക്കുന്ന കേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ കോളനി നിവാസികളും ഇതോടൊപ്പം നിവേദനം നൽകിയിട്ടുണ്ട്. പരിശീലന കേന്ദ്രം തുറക്കുന്നതിനായി ചേർന്ന പൂർവ വിദ്യാർഥികളുടെ യോഗത്തിൽ ബി മഹേഷ് അദ്ധ്യക്ഷനായി. കെ.കെ സോമൻ, സി.ലാൽജി, പി.ജി ബിജു, പി.ആർ സന്തോഷ്, പി.ബിനു എന്നിവർ സംസാരിച്ചു.